ആ വാട്ട്സ്ആപ്പ് സന്ദേശം വ്യാജമാണ്
- ഇന്നലെ രാവിലെ മുതൽ വാട്സ്ആപ്പിൽ ജെറ്റ് എയർവേസ് അവരുടെ 25-ാം വാർഷികം പ്രമാണിച്ച് എല്ലാവർക്കും രണ്ടു വിമാനടിക്കറ്റുകൾ സൗജന്യമായി നല്കുന്നു എന്ന സന്ദേശം വ്യാജം
ബംഗലൂരു: ഇന്നലെ രാവിലെ മുതൽ വാട്സ്ആപ്പിൽ ജെറ്റ് എയർവേസ് അവരുടെ 25-ാം വാർഷികം പ്രമാണിച്ച് എല്ലാവർക്കും രണ്ടു വിമാനടിക്കറ്റുകൾ സൗജന്യമായി നല്കുന്നു എന്ന സന്ദേശം വ്യാജം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് ലഭിക്കും എന്നു സൂചിപ്പിച്ച് ഒരു വെബ്സൈറ്റ് അഡ്രസും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. സന്ദേശം വൈറലായതോടെ ജെറ്റ് എയർവേസിന് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു.
ഇത്തരത്തിൽ ഒരു ഓഫറും തങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജെറ്റ് എയർവേസ് ട്വിറ്ററിൽ കുറിച്ചു. പരക്കുന്ന വാർത്ത തെറ്റാണ്, ഉപയോക്താക്കൾ വിശ്വസിക്കരുത് എന്നും ജെറ്റ് എയർവേസ് ആവർത്തിച്ചു പറഞ്ഞു. കമ്പനി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. എന്തെങ്കിലും പ്രഖ്യാപനമുണ്ടായാൽ അത് കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയോ മാത്രമേ ഉണ്ടാകൂ എന്നും ജെറ്റ് എയർവേസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിനു പകരം മറ്റൊരു സൈറ്റിലേക്കാണു പ്രവേശിക്കുന്നത്.