പേടിഎമ്മിന് വാട്ട്സ്ആപ്പ് വഴി പണി വരുന്നു
ദില്ലി: ഡിജിറ്റല്‍ പണമിടപാടിലേക്ക് വാട്ട്സ്ആപ്പ് ഇറങ്ങുമെന്ന് വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍ ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് വെല്ലുവിളിയായിരിക്കും വാട്ട്സ്ആപ്പിന്‍റെ നീക്കം എന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍ ഇതിന്‍റെ ഘടനയൊന്നും ബ്രയിൻ അക്റ്റണ്‍ വെളിപ്പെടുത്തിയില്ല. ഈ വര്‍ഷം തന്നെ ഈ സംവിധാനം നിലവില്‍ വന്നേക്കും എന്ന സൂചനയാണ് വാട്ട്സ്ആപ്പ് സഹസ്ഥാപകന്‍ നല്‍കിയത്.
വാട്സ്ആപിന്‍റെ ഇന്ത്യൻ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചർച്ചകൾ. വാട്സ്ആപിന്‍റെ പുതിയ ഫീച്ചറും ചർച്ചാവിഷയമായി. ഇന്ത്യയിൽ വാട്സ്ആപ്പിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്നു വാട്സ്ആപ് സഹസ്ഥാപകൻ വെളിപ്പെടുത്തി.
വാട്സ്ആപ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ ലഭ്യമാണ്.