ഇനി വെറും ചാറ്റിംഗിന് മാത്രമല്ല വാട്ട്സ്ആപ്പ്
പണമിടപാടിന് സൗകര്യമൊരുക്കി വാട്ട്സ്ആപ്പ്. ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്ട്സ്ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വാട്ട്സ്ആപ്പിന് ലഭിച്ചു. അധികകാലം വൈകാതെ പണമിടപാടുകള്‍ വാട്സാപ്പിലൂടെ നടത്താനാവും.
പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ ഒന്നും നല്‍കാതെ ഒരു അക്കൌണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണമിടപാടുകള്‍ സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (UPI) വഴിയാണ് വാട്സാപ്പില്‍ പണമിടപാടുകള്‍ നടത്തുക. നേരത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ വാട്ട്സ്ആപ്പ് സിഇഒ വാട്ട്സ്ആപ്പ് പണമിടപാട് സംവിധാനം തുടങ്ങുമെന്ന് അറിയിച്ചിരുന്നു.
അപെക്സ് പേയ്മെന്റ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നും വാട്സാപ്പിനു ഇക്കാര്യത്തില്‍ സമ്മതം ലഭിച്ചതായി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എംഡിയും സിഇഓ യുമായ ഏപി ഹോത്ത സ്ഥിതീകരിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.
ഇങ്ങനെ മള്‍ട്ടി ബാങ്ക് പാര്‍ട്ണര്‍ഷിപ്പ് ലഭിക്കുന്നതോടെ ആപ്പിലൂടെ പണമിടപാടുകള്‍ നടത്തുകയെന്ന വാട്സാപ്പിന്‍റെ മോഹം പൂവണിയും. ആക്സിസ്, ഐസിഐസിഐ, നാഷണല്‍ ബാങ്ക് മുതലായ ബാങ്കുകളോട് ഇപ്പോള്‍ത്തന്നെ സംസാരിച്ചു കഴിഞ്ഞു. മള്‍ട്ടിബാങ്ക് പാര്‍ട്ണര്‍ഷിപ്പിനായി ഇന്ത്യയില്‍ അനുവാദം ലഭിക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്പ് ആണ് വാട്സാപ്പ്. ഒരുപാടു ആളുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ വ്യത്യസ്ത ബാങ്കുകളുമായി പങ്കാളിത്തം ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.