ജിയോ ഫോണ്‍ ഉണ്ടാക്കുന്ന വിപ്ലവം: ഗുണവും, ദോഷങ്ങളും
2016 സെപ്തംബറില്‍ ഇന്ത്യന്‍ ടെലികോം മേഖലയെ ഞെട്ടിച്ചാണ് ജിയോ കടന്നുവന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഉപയോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ കൂടിയ ഡാറ്റ അനുഭവിക്കുന്ന ഒരു കാലത്തേക്കാണ് ജിയോ വഴി തുറന്നിട്ടത് എന്നാണ് സത്യം. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ ഡാറ്റ റീചാര്‍ജിലൂടെ തന്നെ തങ്ങളുടെ കോള്‍ ചാര്‍ജ്ജും ഒപ്പിക്കുന്നു. ഫോണ്‍ കോളുകള്‍ക്കായുള്ള റീ ചാര്‍ജ്ജിങ്ങ് 40 ശതമാനത്തോളം കുറഞ്ഞെന്നാണ് വിപണി തന്നെ പറയുന്നത്. ഈ കാര്യങ്ങള്‍ എല്ലാ നിലനില്‍ക്കേയാണ്. ജൂലൈ 21ന് എതിരാളികളെ ഞെട്ടിച്ചു റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ ഫോണുകള്‍ പ്രഖ്യാപിച്ചത്.
തികച്ചും സൗജന്യമായി നല്‍കുന്ന ഫോണിന് മൂന്നു വര്‍ഷ കാലത്തേക്ക് 1,500 രൂപ ഡെപ്പോസിറ്റ് നല്‍കണം. രാജ്യത്ത് 50 കോടിയോളം ജനങ്ങള്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നതാണ് സത്യം. ഈ നിലയ്ക്ക് ഫീച്ചര്‍ ഫോണിന്‍റെ ഭാവത്തില്‍ എത്തുന്ന 4ജി ഫോണ്‍ ശരിക്കും വിപണിയെ പിടിച്ചുകുലുക്കും എന്നതാണ് സത്യം. 'ഇന്ത്യ കാ സ്‌മാര്‍ട്ട്‌ഫോണ്‍' എന്നാണ് ഫോണിനെ കമ്പനി വിശേഷിപ്പിച്ചത്. പരിധിയില്ലാത്ത ഡേറ്റ, സൗജന്യ വോയ്‌സ് കോളുകള്‍, അപ്ലിക്കേഷനുകള്‍, വോയിസ് കമാന്‍ഡുകള്‍, കേബിള്‍ ടി.വി ലിങ്കുകള്‍ എന്നിവയുമായെത്തുന്ന ഫോണ്‍ മറ്റേതു ഫീച്ചര്‍ ഫോണിനേക്കാളും മികച്ചതാണ്.
ജിയോ സിം മാത്രമാകും ഫോണില്‍ ഉപയോഗിക്കാനാകുക എന്നത് മാത്രമാണ് ന്യൂനത. എന്നാല്‍ ഇത് ജിയോ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള വഴിയാണെന്ന് അത്യവശ്യം ടെക് വിജ്ഞാനമുള്ള ആര്‍ക്കും മനസിലാക്കാം. എന്താണ് ജിയോ ഫോണ്‍ മുന്നോട്ട് വയ്ക്കുന്ന ഗുണങ്ങള്‍ എന്ന് ഒന്ന് പരിശോധിച്ച് നോക്കാം.
രാജ്യത്തെ പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ പഠനമനുസരിച്ച് ഒരു ഉപയോക്‌താവില്‍നിന്നു ലഭിക്കുന്ന ശരാശരി വരുമാനം കമ്പനിക്ക് ഗുണകരമാകും. മത്സരം കടുക്കുന്നതോടെ മറ്റുദാതാക്കളും നിരക്ക് കുറയ്‌ക്കേണ്ടതായി വരും. ആ നിലയ്‌ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ലഭിക്കും. ഇപ്പോള്‍ നടക്കുന്ന നിരക്ക് യുദ്ധം തന്നെ പ്രത്യേകതയാണ്
ഈ നിരക്ക് യുദ്ധത്തെക്കുറിച്ച് ഇവിടെ വായിക്കാം - ഒന്നു പകച്ചു; എങ്കിലും ജിയോയെ വെല്ലാന്‍ മറ്റ് കമ്പനികള്‍
അംബാനിയുടെ പ്രസ്താവന പ്രകാരം, ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ വികസനങ്ങള്‍ എത്തിക്കുന്നതിനും അവരുടെ കഴിവ് വര്‍ധിക്കുന്നതിനും ഫോണ്‍ സഹായകരമാകുമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ പണമിടപാടുകള്‍ ഡിജിറ്റലാകുകയാണ്, അതിനാല്‍ തന്നെ ഫോണ്‍ ബാങ്കിങ് മേഖലയേയും ശക്തിപ്പെടുത്തുമെന്നാണ് ജിയോ പറയുന്നത്. കേബിള്‍ കണക്‌ടിവിറ്റി വാഗ്‌ദാനം ഫോണിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതാണ്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകരമാകും. നിലവില്‍ വലിയ മാസവരി അടയ്‌ക്കുന്ന കേബിള്‍ നിരക്കുകള്‍ കുറയുന്നതിനും ഇത് വഴിവയ്‌ക്കും. 309 രൂപയ്‌ക്കാണ് കമ്പനി കേബിള്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
എന്നാല്‍ ജിയോ ഫോണിന്‍റെ കടന്നുവരവ് ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചിലര്‍ വിലയിരുത്തുന്നുണ്ട്. പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസിലാണ് ഇത്തരത്തില്‍ ഒരു വിലയിരുത്തല്‍ നടത്തുന്നത്. ജിയോ ഫോണിന്‍റെ കടന്നു വരവോടെ ഉപയോക്‌താക്കളുടെ എണ്ണം വര്‍ധിക്കുമെങ്കിലും ഇവരില്‍ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ്. അതിനാല്‍ത്തന്നെ ഇവരുടെ ഡേറ്റ ഉപയോഗവും കുറവാണ്. ഇത് മേഖലയുടെ ശരാശരി ഡേറ്റ ഉപയോഗത്തെ ബാധിക്കും. വരുമാനത്തിലും ഇടിവുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇത് ആത്യന്തികമായി ഡേറ്റ ഉപഭോഗത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുമെന്നും, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലു ശതമാനം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 24 ശതമാനമാണ് ഡേറ്റ വളര്‍ച്ച.
ഉപയോക്‌താക്കളെ പിടിച്ചുനിര്‍ത്തുന്നതിനായി മേഖലയിലെ മത്സരങ്ങള്‍ മുറുകുന്നതിനും നിരക്കുകള്‍ കുറയ്‌ക്കുന്നതിനും ഇത് ഇടവരുത്തും. ചൈനയിലും സമാനമായ പ്രവണതകള്‍ ഉണ്ടായിട്ടുണ്ടെന്നും പഠനത്തിലുണ്ട്. വൈഫൈ സേവനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. വരുകാലങ്ങളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സജീവമാകുമെന്നും ഇത് മൊബൈല്‍ ഡേറ്റയ്‌ക്ക് സ്‌ഥിതി വീണ്ടും പ്രതികൂലമാക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.
ജിയോയുടെ ഏറ്റവും വലിയ സ്വാധീനം അതിന്‍റെ എതിരാളികളെ മെച്ചപ്പെടുത്താന്‍ കഴിവുള്ളതാണെന്നതാണ്. മേഖലയില്‍ താരിഫുകള്‍ നിയന്ത്രിക്കുന്നതിനും ഇത് അത്യാവശ്യമായിരുന്നു. ഉപഭോക്‌താക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നു എന്നതും ശരിയാണ്. റിലയന്‍സിന്‍റെ ജിയോ ഫോണ്‍ ഒരുക്കിയിരിക്കുന്ന വമ്പന്‍ കെണി എന്തെന്നാല്‍ അതിന്റെ ഓഫറുകളാണ്. ഏവരെയും ആകര്‍ഷിക്കുന്ന ഓഫറുകളായതിനാല്‍ മറ്റു ദാതാക്കള്‍ ഏങ്ങനെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുമെന്നതാണ് കണ്ടറിയേണ്ടത്