ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ സത്യമായി, റോബോട്ട് രാവിലെ നടക്കാനിറങ്ങി- വീഡിയോ കണ്ടത് 5 കോടിയോളം പേര്‍!
ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പനല്ല, ഇത് ഇലോണ്‍ മസ്‌കിന്‍റെ 'ഒപ്റ്റിമസ് റോബോട്ട്', കയറ്റിറക്കങ്ങളിലൂടെ അനായാസം നടക്കുന്ന ഹ്യൂമനോയിഡിന്‍റെ വീഡിയോ വൈറല്‍
രാവിലെ എഴുന്നേൽക്കാൻ മടിയുണ്ടല്ലേ... മടിയുള്ളവർക്ക് അസൂയ തോന്നുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ടെസ്‌ല കമ്പനി. ഉഴുതുമറിച്ചിരിക്കുന്ന മണ്ണിലൂടെ അനായാസം കയറിയിറങ്ങി നടക്കുന്ന റോബോട്ടിന്‍റെ വീഡിയോയാണ് ടെസ്‌ല പങ്കുവെച്ചത്. സാധാരണയായി മനുഷ്യൻമാരാണ് രാവിലെ എഴുന്നേറ്റ് നടക്കാറുള്ളത്. വീട്ടിലെ വളർത്തുമൃഗങ്ങളെയും ഇത്തരത്തിൽ നടക്കാൻ കൊണ്ടുപോകാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി കമ്പനി വികസിപ്പിച്ചെടുത്ത റോബോട്ടിന്‍റെ നടത്തത്തെക്കുറിച്ച് മസ്ക് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
ടെസ്‌ല വികസിപ്പിച്ചെടുത്ത 'ഒപ്റ്റിമസ് റോബോട്ട്' വിജയകരമായി നടക്കുന്ന വീഡിയോയാണ് മസ്‌ക് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. സമതലമല്ലാത്ത, കയറ്റിറക്കങ്ങളുള്ള ഒരു സ്ഥലത്താണ് റോബോട്ട് നടക്കുന്നത്. ദിവസവുമുള്ള നടത്തം നിങ്ങളുടെ മനസിനെ റിഫ്രഷാകാൻ സഹായിക്കുമെന്ന ക്യാപ്ഷനോട് കൂടിയാണ് ടെസ്‌ല വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയാണ് മസ്‌ക് റീഷെയര്‍ ചെയ്തതും. മനുഷ്യ സഹായമില്ലാതെ റോബോട്ടിന്‍റെ അവയവങ്ങളെ നിയന്ത്രിക്കാൻ ന്യൂറൽ നെറ്റ്‌വർക്കിലാണ് റോബോട്ടിനെ പ്രവർത്തിപ്പിച്ചതെന്നും മസ്‌ക് വ്യക്തമാക്കുന്നു.
റോബോട്ട് നടന്ന സ്ഥലത്ത് കൂടെ താൻ നടക്കാൻ ശ്രമിച്ചപ്പോൾ വഴുതി പോയെന്നും എന്നാൽ ഒപ്റ്റിമസ് സുഖമായി നടക്കുന്നുവെന്നും ഒപ്റ്റിമസ് എഞ്ചിനീയറിംഗിന്‍റെ വൈസ് പ്രസിഡന്‍റ് മിലാൻ കോവാകും പറഞ്ഞു. ഒപ്റ്റിമസിന് കണ്ണ് കാണില്ലെന്നും വിഷൻ ഉടനടി ചേർക്കുമെന്നും മിലാൻ പറയുന്നു. എറിഞ്ഞു കൊടുക്കുന്ന ടെന്നീസ് ബോളുകൾ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസിന്‍റെ വീഡിയോ മുൻപ് ടെസ്‌ല പങ്കുവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം