പുതിയ 'സുഹൃത്തിനെ' പരിചയപ്പെടുത്തി കിം കർദാഷിയൻ; ഇന്‍റര്‍നെറ്റില്‍ കൊടുങ്കാറ്റായി വീഡിയോ, സംഭവം റോബോട്ട്
എന്‍റെ പുതിയ സുഹൃത്താണിത് എന്ന കുറിപ്പോടെയാണ് ടെസ്‌ലയുടെ ഹ്യൂമനോയിഡിനെ കിം എക്‌സില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബിസിനസുകാരിയും ടെലിവിഷന്‍ താരവും മോഡലുമായ കിം കർദാഷിയന് ഒരു പുതിയ സുഹൃത്തിനെ കിട്ടിയിരിക്കുകയാണ്. സിനിമ രംഗത്തോ മോഡലിംഗ് രംഗത്തോ ഉള്ളയാളാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. യുഎസ് ടെക് കമ്പനിയായ ടെസ്‌ലയുടെ ഒരു റോബോട്ടാണ് കിമ്മിന്‍റെ പുതിയ സുഹൃത്ത്. കിം കർദാഷിയൻ എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ച വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് പേര്‍ കണ്ടു.
എന്‍റെ പുതിയ സുഹൃത്തിനെ കാണൂ എന്ന കുറിപ്പോടെയാണ് റോബോട്ടിന്‍റെ വീഡിയോ കിം കർദാഷിയൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്‌തത്. റോബോട്ടിന്‍റെ നിര്‍മാതാക്കളായ ടെസ്‌ലയെ ടാഗ് ചെയ്‌തിട്ടുമുണ്ട്. ഇന്ന് രാവിലെ ട്വീറ്റ് ചെയ്‌ത വീഡിയോ ഇതിനകം 56 ലക്ഷത്തിലധികം പേര്‍ കണ്ടു. ഏറെപ്പേരാണ് രസകരമായ കമന്‍റുകള്‍ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയത്. പ്രതികരിച്ചവരില്‍ ടെസ്‌ല ഉടമയായ ഇലോണ്‍ മസ്‌കും ഉണ്ട്. ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡിന്‍റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള മറുപടിയും ഇതില്‍ കാണാം. കിം കർദാഷിയനെ ഇറക്കിയത് ടെസ്‌ലയുടെ വിപണന തന്ത്രമാണ് എന്ന് വാദിക്കുന്നവരെയും കാണാം. ടെസ്‌ലയ്ക്ക് അവരുടെ ഒരു ഉത്പന്നം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് മറ്റാരേക്കാളും നന്നായി അറിയാം എന്നാണ് ഇവരുടെ വാദം.
ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്‌റ്റിമസാണ് കിം കർദാഷിയനൊപ്പം വീഡിയോയില്‍ കാണുന്നത്. കിമ്മിനൊപ്പം റോക്ക്-പേപ്പര്‍-സിസേഴ്‌സ് ഗെയിമില്‍ പങ്കെടുത്തു ഈ ഹ്യൂമനോയിഡ്. ഉം, റോക്ക്-പേപ്പര്‍-സിസേഴ്‌സ് എന്ന് കിം കർദാഷിയൻ പറഞ്ഞതും റോബോട്ട് കൈയുയര്‍ത്തി. മത്സരത്തില്‍ റോബോട്ടിനെ തോല്‍പിച്ചു എന്നാണ് കിമ്മിന്‍റെ അവകാശവാദം. 20,000 മുതല്‍ 30,000 ഡോളര്‍ വരെ ഒപ്റ്റിമസ് റോബോട്ടിന് വിലയുണ്ട്. മനുഷ്യനെ പോലെ പ്രതികരണ ശേഷിയുള്ള ഹ്യൂമനോയിഡാണ് ഒപ്റ്റിമസ് എന്നാണ് ടെസ്‌ലയുടെ അവകാശവാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം