ബഹിരാകാശ നിലയത്തിൽ മൂന്നാമതുമെത്തി; നൃത്തംവച്ച് സുനിത വില്യംസ്- വീഡിയോ വൈറല്‍

ബഹിരാകാശ നിലയത്തിലെത്തിയ സന്തോഷത്തിൽ സുനിത വില്യംസ് ചെറുനൃത്തം ചെയ്യുകയായിരുന്നു

Watch Indian Origin Astronaut Sunita Williams dances on her arrival at International Space Station

ഫ്ലോറിഡ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ വ്യാഴാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാൻഡ് ചെയ്യുന്ന സമയത്തെ സുനിതയുടെ ഡാൻസാണ്.

ബഹിരാകാശ നിലയത്തിലെത്തിയ സന്തോഷത്തിൽ സുനിത വില്യംസ് ചെറുനൃത്തം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഐ.എസ്.എസിലെ മറ്റ് ഏഴ് ബഹിരാകാശയാത്രികരെ ചേർത്തുപിടിക്കുന്നതും വൈറലായിരിക്കുന്ന ദൃശ്യത്തിലുണ്ട്. ഐഎഎസിലെ പരാമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വിൽമോറിനെയും സംഘം സ്വാഗതം ചെയ്തത്.

ക്രൂ അംഗങ്ങളെ മറ്റൊരു കുടുംബമെന്നും സുനിത വില്യംസ് വിശേഷിപ്പിക്കുന്നുണ്ട്. തന്‍റെ ദൗത്യത്തിൽ കൂടെ നിന്നവരോടുള്ള നന്ദിയും അവർ അറിയിച്ചു. കന്നി ദൗത്യത്തിൽ തന്നെ ഒരു പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത ആദ്യ വനിതയാണ് 59 കാരിയായ ഈ ബഹിരാകാശ സഞ്ചാരി. സ്റ്റാർലൈനർ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വിൽമോറും.

ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽനിന്ന് വിക്ഷേപിച്ച പേടകമാണ് 26 മണിക്കൂറിന് ശേഷം ഐ.എസ്.എസിലേക്ക് വിജയകരമായെത്തിച്ചത്. നേരിയ ഹീലിയം ചോർച്ച പോലുള്ള സാങ്കേതിക തകരാറുകൾ കാരണം ഡോക്കിംഗ് ഒരു മണിക്കൂറോളം വൈകിയെങ്കിലും ദൗത്യം പൂർത്തിയാക്കാനായി. ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലെത്തുന്നത്. 

Read more: മറ്റെല്ലാ സ്‌മാര്‍ട്ട്‌വാച്ചുകളും ഔട്ടാകുമോ; ആകര്‍ഷകമായ ഫീച്ചറുകളുമായി നോയ്‌സ്‌ഫിറ്റ് ഒറിജിന്‍, വില അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios