'താരിഫ് നിരക്ക് വര്‍ധനവോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ കൂടി'; സ്ഥിരീകരിച്ച് വിഐ സിഇഒ

താരിഫ് നിരക്ക് വര്‍ധനവിന് ശേഷം ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം വര്‍ധിച്ചു

Vodafone Idea subscribers porting out to BSNL after tariff hike confirms Vi CEO Akshaya Moondra

ദില്ലി: സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവോടെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുകയാണ് വോഡഫോണ്‍ ഐഡിയ (വിഐ) സിഇഒ അക്ഷയ മൂന്ദ്ര. കമ്പനിക്ക് ഉപഭോക്താക്കളെ നഷ്‌ടമാകുന്നത് തുടരുകയാണ് എന്ന് അദേഹം സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

താരിഫ് നിരക്ക് വര്‍ധനവിന് ശേഷം ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം വര്‍ധിച്ചു. അത് ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ബിഎസ്എന്‍എല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാത്തതാണ് ആളുകള്‍ പോര്‍ട്ട് ചെയ്യാനുള്ള കാരണം. അതേസമയം താരിഫ് വര്‍ധനവിന്‍റെ ഗുണം വരും സാമ്പത്തികപാദങ്ങളില്‍ അറിയാമെന്നും അക്ഷയ മൂന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ബിഎസ്എന്‍എല്‍ പഴയ താരിഫ് നിരക്കുകളില്‍ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ആളുകളുടെ കുത്തൊഴുക്കുണ്ടായത്. 

Read more: 200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി! ബിഎസ്എന്‍എല്‍ 5ജി ഫോണ്‍ പുറത്തിറക്കുന്നോ? Fact Check

4ജി നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും വിഐയുടെ ഭാഗത്ത് നിന്നുണ്ട്. വോഡഫോണ്‍ ഐഡിയക്ക് നിലവില്‍ 168,000 4ജി സൈറ്റുകളാണുള്ളത്. ഇത് 215,000ലേക്ക് ഉയര്‍ത്താണ് ശ്രമം. നിലവില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വിഐ. 

പുതിയ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം അതിവേഗം നടത്താനുള്ള പദ്ധതികളിലാണ്. അതേസമയം തന്നെ 5ജിയെ കുറിച്ചും ബിഎസ്എന്‍എല്‍ ആലോചിക്കുന്നു. 2025ന്‍റെ തുടക്കത്തോടെ ബിഎസ്എന്‍എല്‍ 5ജി കിട്ടിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയും എയര്‍ടെല്ലും വോഡഫോണും 4ജി നേരത്തെ തന്നെ ലഭ്യമാക്കിയിട്ടും ബിഎസ്എന്‍എല്‍ വൈകുകയായിരുന്നു. സ്വകാര്യ നെറ്റ്‌വര്‍ക്കുകളാവട്ടെ ഇപ്പോള്‍ 5ജി വ്യാപനത്തില്‍ ശ്രദ്ധയൂന്നുകയാണ്. സമീപ വര്‍ഷങ്ങളില്‍ നഷ്‌ടമായ ഉപഭോക്താക്കളെ തിരികെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുമോ എന്നതാണ് ആകാംക്ഷ. 

Read more: ഇനി ബിഎസ്എന്‍എല്‍ 4ജി, 5ജി എളുപ്പം ലഭിക്കും; യൂണിവേഴ്‌സല്‍ സിം, ഓവര്‍-ദി-എയര്‍ സൗകര്യം അവതരിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios