സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്ത; നടപടിയുമായി ദുബായ് പോലീസ്
ദുബായിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് സ്ലിംഗ് ഷോട്ടിലൂടെ ഒരാള്‍ പറക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഒരാളുടെ മരണം എന്ന് പറഞ്ഞായിരുന്നു ഫെയ്സ്ബുക്കിലും വാട്ട്സ്അപ്പിലും ഈ വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വീഡിയോ അല്ല എന്ന വിശദീകരണവുമായി ദുബായ് പോലീസ് രംഗത്ത് വന്നു. യഥാര്‍ത്ഥത്തില്‍ ഒരു പരസ്യത്തില്‍ നിന്നുള്ള രംഗം എടുത്താണ് വീഡിയോ ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
ദുബായില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ റോഡ് ക്യാമറയെക്കുറിച്ചുള്ളതാണ് ഈ ദിവസങ്ങളില്‍ വൈറലായ മറ്റൊരു വീഡിയോ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നോ എന്നറിയാനുള്ള പുതിയ തരം ക്യാമറ ദുബായ് റോഡുകളില്‍ സ്ഥാപിച്ചുവെന്നും ആയിരം ദിര്‍ഹവും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്‍റുകളുമായിരിക്കും ശിക്ഷയെന്നുമാണ് സോഷ്യല്‍മീഡിയ വഴി പ്രചാരണം നടന്നത്. ക്യാമറ സ്ഥാപിക്കുന്ന ഫോട്ടോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്നും ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ദുബായ് പോലീസ് വിശദീകരിച്ചു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ 200 ദിര്‍ഹവും നാല് ബ്ലാക്ക് പോയന്‍റുകളുമാണ് ശിക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.
ജീവനുള്ള കോഴികളെ അപ്പാടെ അരച്ച് നഗ്ഗറ്റ്സ് ഉണ്ടാക്കുന്നു എന്ന പേരില്‍ വീഡിയോയും വാട്സ്അപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷ്യവിഭവ സംബന്ധമായ കിവദന്തികള്‍ ധാരാളമായതോടെ ദുബായ് മുനിസിപ്പാലിറ്റി കണ്‍ഫേംഡ് ന്യൂസ് എന്ന പദ്ധതിക്ക് തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. 800900 എന്ന നമ്പറില്‍ വിളിച്ചാല്‍ കേട്ട വാര്‍ത്ത ശരിയാണോ എന്നറിയാം.