അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ്
ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ 'അമേരിക്കൻ റോഡുകളിലെ കാറുകളെ വിദൂരമായിരുന്ന് നിയന്ത്രിക്കാന്‍' എതിരാളികളെ സഹായിക്കുമെന്ന ആശങ്കയെ തുടർന്നാണ് തീരുമാനമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ്. പുതിയ നീക്കം യുഎസിനെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. കാറുകളിൽ ക്യാമറകളും മൈക്രോഫോണുകളും ജിപിഎസ് ട്രാക്കിംഗും മറ്റ് സാങ്കേതികവിദ്യകളുമുണ്ടെന്നും അവയെല്ലാം ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും റൈമോണ്ടോ ചൂണ്ടിക്കാട്ടി. ഈ വിവരങ്ങൾ ചോർത്താൻ കഴിവുള്ള എതിരാളി ദേശീയ സുരക്ഷയ്ക്കും യുഎസ് പൗരന്മാരുടെ സ്വകാര്യതയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കും. ഇതേക്കുറിച്ച് കൂടുതലറിയാൻ വലിയ ഭാവന ആവശ്യമില്ലെന്നും അമേരിക്ക വാദിക്കുന്നു.
Read more: ട്രോളുന്നവരെ മൂന്നായി മടക്കിക്കൂട്ടാന്‍ ആപ്പിള്‍; ട്രൈ-ഫോള്‍ഡ് ഐഫോണ്‍ പേറ്റന്‍റ് വിവരങ്ങള്‍ പുറത്ത്
ചൈനീസ് സ്ഥാപനങ്ങളെ അന്യായമായി ലക്ഷ്യംവയ്ക്കുന്നതിന് 'ദേശീയ സുരക്ഷ' എന്ന മാർഗം യുഎസ് കണ്ടെത്തുകയാണെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. വിപണി തത്വങ്ങളെ മാനിക്കണമെന്നും ചൈനീസ് സംരംഭങ്ങൾക്ക് തുറന്നതും ന്യായവും സുതാര്യവും വിവേചനരഹിതവുമായ ബിസിനസ് അന്തരീക്ഷം നൽകണമെന്നും ഉദ്യോഗസ്ഥർ യുഎസിനോട് അഭ്യർത്ഥിച്ചു.
വൈറ്റ് ഹൗസ് ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ, മറ്റ് നിരവധി വസ്തുക്കൾ എന്നിവയുടെ താരിഫുകളും നിലവിൽ ഉയർത്തിയിട്ടുണ്ട്. സൈബർ സുരക്ഷാ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ചൈനീസ് നിർമ്മിത കാർഗോ ക്രെയിനുകളുടെ ഇറക്കുമതിയും പ്രത്യേകമായി നിരോധിച്ചു. വ്യാപാര രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വാദപ്രതിവാദത്തിന് ഈ യുഎസ് നടപടി വഴിയൊരുക്കും.
Read more: ഒടുവില്‍ മുട്ടുമടക്കി പവേല്‍ ദുരോവ്; കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം