അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
വിവാഹം കഴിക്കാത്ത സ്ത്രീപുരുഷന്‍മാര്‍ക്ക് ഓയോയില്‍ റൂമെടുക്കാന്‍ കഴിയില്ല എന്ന നിയമം ആദ്യം വന്നത് മീററ്റില്‍
മീററ്റ്: ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. പ്രമുഖ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ റൂള്‍ മാറ്റം നടപ്പാക്കിയിരിക്കുന്നത്. ഓയോ മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹം കഴിക്കാത്ത പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഇനി മുറി ബുക്ക് ചെയ്യാനാവില്ലെന്ന പുതിയ ചെക്ക്-ഇന്‍ റൂള്‍ പാര്‍ട്‌ണര്‍ ഹോട്ടലുകള്‍ക്കായി ഓയോ ഉത്തര്‍പ്രദേശിലെ മീറ്ററില്‍ പുറത്തിറക്കി. ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്ന് ഓയോയുടെ പുതുക്കിയ നിയമാവലിയില്‍ പറയുന്നു. അടിയന്തരമായി ഈ ചട്ടം നടപ്പാക്കാന്‍ ഓയോ മീററ്റിലെ ഹോട്ടല്‍ പാര്‍ട്‌ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാത്ത സ്ത്രീപുരുഷന്‍മാരെ ഒന്നിച്ച് റൂമെടുക്കാന്‍ ഓയോ അനുവദിക്കില്ല.
മീറ്ററിലെ ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച ശേഷം മറ്റിടങ്ങളിലേക്കും സമാന ചെക്ക്-ഇന്‍ റൂള്‍ കൊണ്ടുവരുന്ന കാര്യം ഓയോ തീരുമാനിക്കും. ചെക്ക്-ഇന്‍ റൂളുകളില്‍ മാറ്റം വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെയാണ് ഓയോ നിയമാവലി പൊളിച്ചെഴുതിയത് എന്നാണ് സൂചന. വിവാഹം കഴിക്കാത്ത കപ്പിള്‍സ് ഓയോയില്‍ റൂം എടുക്കുന്നത് ചോദ്യം ചെയ്‌ത് പല നഗരങ്ങളിലും സാമൂഹ്യസംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നാണ് ഓയോ സംവിധാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അവിവാഹിതരായ ദമ്പതിമാരെ മുറി ബുക്ക് ചെയ്യാന്‍ ഓയോ ഇതുവരെ അനുവദിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം