വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ട്രൂകോളര്‍
ദില്ലി: ചൈനയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ട്രൂകോളര്‍. ചില ദിവസങ്ങള്‍ക്ക് മുന്‍പ് നാല്‍പ്പത്തിരണ്ട് ആപ്പുകള്‍ ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന രീതിയില്‍ സൈനിക രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ലിസ്റ്റില്‍ ട്രൂകോളറും പ്രത്യേക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രൂകോളറിന് എതിരായി വാര്‍ത്തകള്‍ വന്നത്.
ഇതില്‍ വിശദീകരണവുമായി ട്രൂകോളര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് .കോമിന് അയച്ച വിശദീകരണത്തില്‍, മുന്നറിയിപ്പ് ലിസ്റ്റില്‍ പെട്ട ആപ്പുകളുടെ കൂട്ടത്തില്‍ എങ്ങനെ ഇടം പിടിച്ചു എന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തതയില്ല, ഈ കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രൂകോളര്‍. ചൈനയില്‍ ഒരു വിധത്തിലുള്ള സര്‍വറുകളും ട്രൂകോളര്‍ നടത്തുന്നില്ലെന്നും വ്യക്തമാക്കുന്നു.
ട്രൂകോളറില്‍ ഒരു തരത്തിലുള്ള മാല്‍വെയര്‍ പ്രശ്നവും ഇല്ലെന്ന് പറയുന്ന ട്രൂകോളര്‍. ഉപയോഗിക്കുന്നയാളുടെ അനുമതിയില്ലാതെ ഡിഫാള്‍ട്ടായി ഒരു ഫീച്ചറും ട്രൂകോള്‍ നല്‍കുന്നില്ലെന്നും വ്യക്തമാക്കുന്നു.