നക്ഷത്രത്തിന്‍റെ മരണത്തിന് പിന്നില്‍ അന്യഗ്രഹ ജീവികളോ?
കെപ്ലര്‍ ടെലസ്‌കോപ് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഈ നക്ഷത്രത്തിന്‍റെ സവിശേഷതകള്‍ കൂടുതലായി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 2009-12 കാലയളവില്‍ ഈ നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ ഒരു ശതമാനമാണ് കുറവുണ്ടായത്. എന്നാല്‍ പിന്നീടുള്ള ആറു മാസം കൊണ്ട് തന്നെ രണ്ട് ശതമാനം തിളക്കം കുറഞ്ഞു.
ഓഗസ്റ്റിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവന്നത്. വാന നിരീക്ഷണ ജേണലായ കര്‍നേഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സില്‍ ഇപ്പോഴാണ് നക്ഷത്രത്തിന്‍റെ മങ്ങലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ആദ്യമായാണ് ഇത്തരത്തില്‍ അതിവേഗത്തില്‍ നിറംമങ്ങുന്ന നക്ഷത്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി നിറം മങ്ങുകയായിരുന്ന ഈ നക്ഷത്രം പിന്നീട് അതിവേഗത്തില്‍ മങ്ങിയതും ശാസ്ത്രജ്ഞരുടെ ജിജ്ഞാസ വര്‍ധിപ്പിച്ചു. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
ഈ നക്ഷത്രത്തിന് മുന്നിലായി ഏതെങ്കിലും ഗ്രഹമോ ഉല്‍ക്കയോ വന്നിരിക്കാമെന്നാണ് ഒരു സാധ്യതയായി പറയപ്പെടുന്നത്. അതേസമയം, മറ്റൊരു സാധ്യതക്കാണ് വലിയ തോതില്‍ പ്രചാരം ലഭിച്ചത്. അന്യഗ്രഹ ജീവികള്‍ നിര്‍മിച്ച കൃത്രിമ നക്ഷത്രമാണ് ഇതെന്നായിരുന്നു പ്രചാരം ലഭിച്ച ഗൂഡാലോചന സിദ്ധാന്തം.