ആപ്പിളിന്‍റെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; ശക്തമായ മുന്നറിയിപ്പ്

ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നമുള്ളതായി ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

The Indian Computer Emergency Response Team CERT In has issued severe warning to all Apple users

ദില്ലി: ആപ്പിള്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ആപ്പിള്‍ ഉല്‍പന്നങ്ങളായ ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയില്‍ ഗുരുതരമായ വിവര ചോര്‍ച്ചയും കോഡ് എക്‌സിക്യൂഷനും സെക്യൂരിറ്റി വീഴ്‌ചകളും ഡിനൈല്‍ ഓഫ് സര്‍വീസ് അറ്റാക്കുകളും (DoS) വരാന്‍ സാധ്യതയുണ്ട് എന്നാണ് സിഇആര്‍ടി-ഇന്‍ (CERT-In) നല്‍കുന്ന മുന്നറിയിപ്പ്. ഐഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേര്‍ഷനുകളില്‍ പ്രശ്‌നമുള്ളതായി ജാഗ്രതാ നിര്‍ദേശത്തിലുണ്ട് എന്നും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രശ്‌നത്തെ മറികടക്കാന്‍ ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ ആവശ്യമായ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നടത്തണം എന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്‍റെ നിര്‍ദേശം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നമുള്ളതായി ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

മെര്‍സിനെറി സ്പൈവെയറോ?

പെഗാസസ് മാതൃകയില്‍ മെര്‍സിനെറി സ്പൈവെയർ ആക്രമണത്തിന് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് ആപ്പിള്‍ ജൂലൈ മാസം പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായിരുന്നു ഈ ജാഗ്രതാ നിര്‍ദേശം. സ്പൈവെയർ ആക്രമണ സാധ്യത സംബന്ധിച്ച് മറ്റേതൊക്കെ രാജ്യങ്ങളിലാണ് ആപ്പിള്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്ന നിര്‍ദേശവും ആപ്പിള്‍ പുറപ്പെടുവിച്ച സന്ദേശത്തിലുണ്ട്. ഈ വര്‍ഷം രണ്ടാം തവണയാണ് സ്പൈവെയർ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ആപ്പിള്‍ പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസമായിരുന്നു ആദ്യ മുന്നറിയിപ്പ്.  

ഐഫോണില്‍ സ്പൈവെയർ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്. മൊബൈല്‍ ഫോണിന്‍റെ നിയന്ത്രണം ഉടമയുടെ അറിവില്ലാതെ മറ്റൊരാള്‍ ഏറ്റെടുക്കുന്നതാണ് സ്പൈവെയർ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണത്തില്‍ സംഭവിക്കുക. റിമോട്ടായി ഐഫോണിലെ വളരെ നിര്‍ണായകമായ വിവരങ്ങളിലേക്കും ചാറ്റുകളിലേക്കും കോളുകളിലേക്കും ക്യാമറയിലേക്കും മൈക്രോഫോണിലേക്കും വരെ സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ കടന്നുകയറാറുണ്ട്. 

Read more: ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഐഫോണിന്‍റെ നിയന്ത്രണം 'മറ്റൊരാള്‍' റാഞ്ചും; മുന്നറിയിപ്പുമായി ആപ്പിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios