24 മണിക്കൂർ കൊണ്ട് മൂന്ന് മില്യൺ യൂസർമാർ; ഫേസ്ബുക്കിന്‍റെ വീഴ്ചയിൽ ടെലിഗ്രാമിന്‍റെ ഉയിർപ്പ്
എല്ലാവരെയും ഉൾക്കൊള്ളാൻ ടെലിഗ്രാമിന് പ്രാപ്തിയുണ്ടെന്നും യഥാർത്ഥ സ്വകാര്യതയാണ് ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നതെന്നും ടെലിഗ്രാം തലവൻ പവേൽ ദുറോവ് പ്രതികരിച്ചു.
പതിനേഴ് മണിക്കൂറോളം ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, വാട്സാപ്പ് സേവനങ്ങൾ തടസപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ലോട്ടറി അടിച്ചത് ടെലിഗ്രാമിനാണ്. 24 മണിക്കൂർ കൊണ്ട് 30 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാമിന് കിട്ടിയത്.
ടെലിഗ്രാം തലവൻ പവേൽ ദുറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ഉൾക്കൊള്ളാൻ ടെലിഗ്രാമിന് പ്രാപ്തിയുണ്ടെന്നും യഥാർത്ഥ സ്വകാര്യതയാണ് ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നതെന്നും പവേൽ ദുറോവ് തന്‍റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.പ
ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടപ്പോൾ ആളുകൾ സമാനമായ ഫീച്ചറുകൾ നൽകുന്ന ടെലിഗ്രാമിലേക്ക് തിരിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. ചരിത്രത്തിലെ തന്നെ എറ്റവും വലിയ സേവന സ്തംഭനമാണ് ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം നേരിട്ടത്. സെർവർ മാറ്റമാണ് കുഴപ്പുമുണ്ടാക്കിയതെന്നാണ് ഫേസ്ബുക്കിന്‍റെ ഔദ്യോഗിക വിശദീകരണം.
റഷ്യൻ ടെക്കികളായ പവേൽ ദുറോവും സഹോദരൻ നിക്കോലൈ ദുറോവും ആണ് ടെലിഗ്രാമിന്‍റെ സൃഷ്ടാക്കൾ . ഉപഭോക്താവിന്‍റെ സ്വകാര്യതയ്ക്ക് ഏറെ വിലകൽപ്പിക്കുന്ന ചാറ്റ് ആപ്പായ ടെലിഗ്രാം ഫീച്ചറുകളാലും സമ്പന്നമാണ്. 2013 ൽ ആരംഭിച്ച ടെലിഗ്രാം അന്ന് തന്നെ എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ സംവിധാനം ഉപഭോക്താക്കൾക്ക് നൽകിയ വിപ്ലവകാരിയാണ് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. ഇതിന് മൂന്ന് വർഷത്തിന് ശേഷമാണ് വാട്സാപ്പും ഫേസ്ബുക്ക് മെസഞ്ചറും ഇതിനെക്കുറിച്ച് ആലോചിച്ച് പോലും തുടങ്ങുന്നത്.
വാട്സാപ്പ് പോലെ തന്നെ മൊബൈൽ നമ്പർ അധിഷ്ഠിത ചാറ്റ് ആപ്പ് തന്നെയാണ് ടെലിഗ്രാമും , എന്നാൽ വാട്സാപ്പിൽ ഒരു നമ്പർ മാത്രമാണ് ഉപയോഗിക്കാൻ പറ്റുമ്പോൾ ടെലിഗ്രാമിൽ മൂന്ന് നമ്പറുകൾ വരെ ആഡ് ചെയ്യാം. ഒരോ അക്കൗണ്ടായി മൂന്ന് നമ്പറുകളും പ്രവർത്തിക്കും. വാട്സാപ്പ് ഈയടുത്ത അവതരിപ്പിച്ച സ്റ്റിക്കർ പോലുള്ള ഫീച്ചറുകൾ ടെലിഗ്രാമിൽ വളരെ മുന്നേ തന്നെ ഉണ്ട്.
വലിയ ഫയലുകൾ ഷെയർ ചെയ്യാനുള്ള സൗകര്യവും കൂടുതൽ മീഡിയ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ടെലിഗ്രാമിന് പൈററ്റഡ് സിനിമകളുടെ മാർക്കറ്റ് എന്ന ദുഷ്പേരുമുണ്ട്.