Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ അതൃപ്തി അറിയിച്ച് എംപിമാര്‍; 6 മാസം കൊണ്ട് പരിഹരിക്കുമെന്ന് കമ്പനിയുടെ ഉറപ്പ്

സ്വന്തം ഫോണുകളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്ലിനെ അതൃപ്തി അറിയിച്ച് പാര്‍മെന്‍ററി സമിതി അംഗങ്ങള്‍

Telecom company BSNL promises improvement in 6 months to parliamentary committee
Author
First Published Oct 9, 2024, 9:03 AM IST | Last Updated Oct 9, 2024, 9:06 AM IST

ദില്ലി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ സേവന നിലവാരം കുറയുന്നതില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി. സ്വന്തം മൊബൈല്‍ ഫോണുകളില്‍ ലഭിക്കുന്ന മോശം നെറ്റ്‌വര്‍ക്ക് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എന്‍എല്ലിനെ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശിച്ചത്. എന്നാല്‍ ആറ് മാസം കൊണ്ട് ബിഎസ്എന്‍എല്ലിനെ മികവിലേക്ക് ഉയര്‍ത്തും എന്ന് എംപിമാര്‍ക്ക് കമ്പനി ഉറപ്പുനല്‍കിയതായും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

ബിജെപി എംപി സഞ്ജയ് ജയ്‌സ്വാള്‍ അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതിയാണ് ബിഎസ്എന്‍എല്ലിന്‍റെ സേവനങ്ങളിലെ കുറവുകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടത്. സ്വന്തം ഫോണുകളില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന് വേഗക്കുറവുണ്ട് എന്ന് എംപിമാര്‍ ബിഎസ്എന്‍എല്ലിനെ ഉദാഹരണം സഹിതം അറിയിച്ചു. തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 4ജി വിന്യാസം നടത്തുന്ന ബിഎസ്എന്‍എല്ലിന്‍റെ സേവനങ്ങള്‍ ആറ് മാസം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ ഇതിനായി നിലവില്‍ 35000 മാത്രമുള്ള 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമായി ബിഎസ്എന്‍എല്ലിന് ഉയര്‍ത്തേണ്ടതുണ്ട്. 

ടെലികോം സെക്രട്ടറി നീരജ് മിത്തല്‍, ബിഎസ്എന്‍എല്‍ സിഎംഡി റോബര്‍ട്ട് ജെ രവി അടക്കമുള്ള ഉന്നതരാണ് പാര്‍ലമെന്‍ററി സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. 4ജി, 5ജി രംഗത്ത് ബിഎസ്എന്‍എല്ലിന്‍റെ ചുവടുവെപ്പുകളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഒരുഘട്ടത്തില്‍ ടെലികോം വിപണി കയ്യടക്കിയിരുന്ന ബിഎസ്എന്‍എല്‍ ഇപ്പോള്‍ വെറും ഏഴ് ശതമാനത്തിന് അടുത്ത് മാത്രം മാര്‍ക്കറ്റ് ഷെയറുള്ള കമ്പനിയായി ചുരുങ്ങിയതില്‍ എംപിമാര്‍ ആശങ്ക അറിയിച്ചു. ബിഎസ്എന്‍എല്‍ പിന്നോട്ടുപോയപ്പോള്‍ സ്വകാര്യ ടെലികോം സേവനദാതാക്കള്‍ വിപണിയില്‍ പിടിമുറുക്കുകയായിരുന്നു. ആറ് മാസം കൊണ്ട് ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലെത്തുകയാണ് ഇനി ബിഎസ്എന്‍എല്ലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 

Read more: റേഞ്ചിനോട് പോകാന്‍ പറ! എവിടെ പോയാലും വീട്ടിലെ ബിഎസ്എന്‍എല്‍ വൈഫൈ ഫോണില്‍ ഉപയോഗിക്കാം, 'സര്‍വ്വത്ര' കേരളത്തിലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios