5 വര്‍ഷം മുന്‍പ് കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി 'ദര്‍പ്പണ്‍ ടൂള്‍'
കാണാതാവുകയോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടുകിട്ടുന്ന കുട്ടികളെ കണ്ടെത്താനുമായി 2018ലാണ് ദര്‍പണ്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കാണാതായ കുട്ടികളെ സംബന്ധിച്ച പരാതിയിലെ എഫ്ഐആറിലെ ചിത്രം തിരിച്ചറിഞ്ഞാണ് കുട്ടികളെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്.
ഹൈദരബാദ് : അഞ്ച് വര്‍ഷം മുന്‍പ് കാണാതായ എട്ട് വയസുകാരനെ കണ്ടെത്താന്‍ സഹായിച്ച് തെലങ്കാന പൊലീസിന്‍റെ ദര്‍പ്പണ്‍ ടൂള്‍. ഉത്തര്‍ പ്രദേശില്‍ നിന്ന് കാണാതായ ബാലനെയാണ് ഫേസ് റിക്കഗ്നിഷന്‍ ടൂളായ ദര്‍പ്പണ്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞത്. 2015ലാണ് സോം സോണിയെന്ന ബാലനെ കാണാതായത്.
അസമില്‍ നിന്നാണ് ബാലനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ജൂലൈ 14, 2015ല്‍ കാണാതായ സോം സോണിയെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അസമിലെ ഗോല്‍പോരയില്‍ നിന്നാണ് ജില്ലാ ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്ന ബാലനെ തെലങ്കാന പൊലീസിന്‍റെ ഡാറ്റ ബേസില്‍ അടുത്തിടെയാണ് ആഡ് ചെയ്തത്.
കാണാതാവുകയോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടുകിട്ടുന്ന കുട്ടികളെ കണ്ടെത്താനുമായി 2018ലാണ് ദര്‍പണ്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കാണാതായ കുട്ടികളെ സംബന്ധിച്ച പരാതിയിലെ എഫ്ഐആറിലെ ചിത്രം തിരിച്ചറിഞ്ഞാണ് കുട്ടികളെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. സോം സോണിയുടെ ചിത്രം തിരച്ചറിഞ്ഞതോടെയാണ് പൊലീസ് വീട്ടുകാരെ വിവരമറിയിച്ചത്. വിവരം ലഭിച്ച ഉടനേ രക്ഷിതാക്കള്‍ അസമിലെത്തുകയായിരുന്നു.
സോം സോണിയെ രക്ഷിതാക്കള്‍ തിരിച്ചറിയുന്ന വൈകാരിക നിമിഷങ്ങള്‍ തെലങ്കാന എഡിജിപി സ്വാതി ലഖ്റ ട്വീറ്റ് ചെയ്തു. ഇതിനോടകം ആപ്പിന്‍റെ സഹായത്തോടെ 33 കുട്ടികളെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.