കുടുംബം നോക്കണം, ഡെലിവറി ബോയിയായി ഏഴു വയസുകാരൻ; വീഡിയോ വൈറൽ, ഇടപെട്ട് സൊമാറ്റോ
ആൺകുട്ടിയുടെ പേര് ട്വീറ്റിലോ വീഡിയോയിലോ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി പറയുന്നത് കുട്ടിക്ക് 14 വയസുണ്ടെന്നാണ്. രാത്രി 11 മണി വരെ ജോലി ചെയ്യുമെന്നും സൈക്കിളിലാണ് ഡെലിവറി നടത്തുന്നതെന്നും കുട്ടി മിത്തലിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.
വയസ് ഏഴ്, ജോലി സൊമാറ്റോ ഡെലിവറി ബോയി. കഴിഞ്ഞ ദിവസം ഒരു ഉപഭോക്താവ് പങ്കിട്ട വീഡിയോയിലെ കുട്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു സൊമാറ്റോ ഉപഭോക്താവ് ഓഗസ്റ്റ് ഒന്നിന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. അടുത്തിടെയാണ് തന്റെ കുടുംബം നോക്കാനായി സൊമാറ്റോ ഡെലിവറി ഏജന്റായ പിതാവിന്റെ ജോലി ഏഴു വയസുകാരൻ ഏറ്റെടുത്തത്.
താൻ രാവിലെ സ്കൂളിൽ പോകുമെന്നും വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് സൊമാറ്റോയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി നോക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്. അച്ഛൻ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് കുട്ടി ജോലി ചെയ്യാനിറങ്ങിയത്. അതേസമയം, കമ്പനിയുടെ ഔദ്യോഗിക സപ്പോർട്ടിങ് പേജായ സൊമാറ്റോ കെയറും വീഡിയോ ട്വീറ്റിന് മറുപടി നൽകി രംഗത്തെത്തിയിട്ടുണ്ട്.
Zomato Delivery Boy : ഈ ഡെലിവെറി ബോയിക്ക് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്...
ട്വിറ്ററിൽ രാഹുൽ മിത്തൽ എന്നയാളാണ് അടുത്തിടെ സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ആൺകുട്ടിയുടെ വീഡിയോ ഷെയർ ചെയ്തത്. ആൺകുട്ടിയുടെ പേര് ട്വീറ്റിലോ വീഡിയോയിലോ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി പറയുന്നത് കുട്ടിക്ക് 14 വയസുണ്ടെന്നാണ്. രാത്രി 11 മണി വരെ ജോലി ചെയ്യുമെന്നും സൈക്കിളിലാണ് ഡെലിവറി നടത്തുന്നതെന്നും കുട്ടി മിത്തലിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. പകുതി ഒഴിഞ്ഞ ചോക്ലേറ്റ് പെട്ടിയും പുറകിൽ ഒരു ബാഗും ഇട്ട കുട്ടിയുടെ രൂപമാണ് വീഡിയോയിലുള്ളത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 91,300 വ്യൂസിലധികം ഉണ്ട്.
ട്വിറ്റ് വൈറലായതിന് പിന്നാലെ കുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് സൊമാറ്റോ വക്താക്കൾ അറിയിച്ചു. ഈ വീഡിയോയ്ക്ക് പിന്നാലെ ഒരു അപ്‌ഡേറ്റ് കൂടി മിത്തൽ പങ്കിട്ടിട്ടുണ്ട്. സൊമാറ്റോ ഇപ്പോൾ കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് മരവിപ്പിച്ചെന്നും അവന് ഇപ്പോൾ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നുമാണ് ആ അപ്ഡേറ്റിലുള്ളത്. കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും മിത്തൽ പറയുന്നു. നിലവിൽ കുടുംബത്തിന് സൊമാറ്റോ ചില സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവിന് സുഖമായി കഴിഞ്ഞാൽ ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന് സൊമാറ്റോ പറഞ്ഞതായും മിത്തൽ കൂട്ടിച്ചേർത്തിട്ടുണ്ട്.