വീല്‍ചെയറില്‍ ഇരുന്ന് ലോകത്തോട് സംസാരിച്ച വിസ്മയം

  • 21 ആം വയസ്സില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് എന്ന രോഗം ബാധിച്ചു
  • ആദ്യം മസിലുകളെ തളര്‍ത്തുകയും പിന്നീട് പരാലിസിസ് സംഭവിക്കുകയും പതിയെ സംസാരശേഷിയും ഭക്ഷണം ഇറക്കാനുള്ള കഴിവും ശ്വാസം എടുക്കാനുള്ള കഴിവും ഇല്ലാതാകുകയും ചെയ്യുന്ന രോഗം.
Stephen Hawking died

ജ്യോതി ശാസ്ത്രജ്ഞന്‍ ഗലീലിയോ ഗലീലി അന്തരിച്ചതിന് കൃത്യം 300 വർഷങ്ങൾക്കു ശേഷം 1942 ജനുവരി 8ന് ഓക്സഫോഡിലാണ് അദ്ദേഹം ജനിച്ചത്. വൈദ്യശാസ്ത്രം പഠിക്കാന്‍ അച്ഛന്‍ പറഞ്ഞെങ്കിലും ഓക‍്സ‍്‍‍ഫോഡില്‍ ഇഷ്ട വിഷയമായ ഭൗതികശാസ്ത്രം തന്നെ ഹോക്കിങ്സ് തിരഞ്ഞെടുത്തു. പിന്നീട് പ്രപഞ്ചശാസ്ത്രത്തിൽ ഗവേഷണത്തിനായി കേംബ്രിഡ്ജില്‍ ചേര്‍ന്നു.  

1963ൽ 21 ആം വയസില്‍ അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് എന്ന രോഗം ഹോക്കിങ്സിനെ ബാധിച്ചു. ആദ്യം മസിലുകളെ തളര്‍ത്തുകയും പിന്നീട് പരാലിസിസ് സംഭവിക്കുകയും പതിയെ സംസാരശേഷിയും ഭക്ഷണം ഇറക്കാനുള്ള കഴിവും ശ്വാസം എടുക്കാനുള്ള കഴിവും ഇല്ലാതാകുകയും ചെയ്യുന്ന രോഗം. ഈ രോഗം ബാധിച്ച ഒരാളുടെ ആയുസ് ഏതാണ്ട് രണ്ടുമുതല്‍ അഞ്ചു വര്‍ഷം വരെയാണ്.

രോഗം തിരിച്ചറിഞ്ഞതിനെക്കുറിച്ച് ഹോക്കിങ്സ് പിന്നീട് ഓർത്തെടുത്തത് ഇങ്ങനെയാണ് “ഓക‍്സ‍്‍‍ഫോഡില്‍ എന്‍റെ മൂന്നാം കൊല്ലത്തില്‍ കാരണമൊന്നുമില്ലാതെ ഒന്നു രണ്ടു തവണ വീണത് ഞാന്‍ ശ്രദ്ധിച്ചു, എന്നാല്‍ ഞാന്‍ കേംബ്രിഡ്‌ജിലെത്തിയപ്പോഴാണ് എന്‍റെ അച്ഛന്‍ ഇത് ശ്രദ്ധിച്ചതും കുടുംബ ഡോക്ടറെ കാണിച്ചതും. അദ്ദേഹം എന്നെ ഒരു സ്പെഷ്യലിസ്റ്റിനെ കാണിച്ചു. എന്‍റെ  ഇരുപത്തൊന്നാം പിറന്നാള്‍ കഴിഞ്ഞയുടന്‍ ഞാന്‍ ആശുപത്രികളില്‍ ടെസ്റ്റുകള്‍ക്ക് പോയി. എനിക്ക് ഇങ്ങനെയൊരു അസുഖം ഉണ്ട് എന്നത് വലിയ നടുക്കമായിരുന്നു.”

രണ്ട് വര്‍ഷത്തിനപ്പുറം ജിവിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ഹോക്കിങ്സ് രോഗത്തോട് പൊരുതി പിഎച്ച്ഡി എടുത്തു. ചലനശേഷി നഷ്ടപ്പെട്ട് ക്രമേണ വീൽചെയറിലായി. 1985 ൽ സംസാരശേഷി നഷ്ടപ്പെട്ടു. കേംബ്രിഡ്ജിൽത്തന്നെ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണം വഴി ഹോക്കിങ്സ് ലോകത്തോട് സംസാരിച്ചു.കേംബ്രിഡ്ജിൽത്തന്നെ ഗവേഷണം തുടർന്ന ഹോക്കിങ്സ് 1974ൽ റോയൽ സൊസൈറ്റിയിലേക്കും 1979ൽ ഗണിതശാസ്ത്ര ചെയറിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

മഹാവിസ്ഫോടന സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെങ്കിൽ അതിന് ഒരു അന്ത്യവും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റോജർ പെൻറോസിനൊപ്പം നടത്തിയ ഗവേഷണത്തിനൊടുവിൽ ക്വാണ്ടം തിയറിയെയും ഐൻസ്റ്റൈന്‍റെ ആപേക്ഷിക സിദ്ധാന്തവും യോജിക്കുന്ന മേഖലകൾ അദ്ദേഹം കണ്ടെത്തി. സ്ഥലവും കാലവും മഹാസ്ഫോടനത്തിൽ തുടങ്ങിയെങ്കിൽ തമോഗര്‍ത്തങ്ങള്‍ക്കുള്ളില്‍ അവ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാപഞ്ചിക വിസ്മയമായ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഹോക്കിങ്സിനെ ഏറെ പ്രശസ്തനാക്കിയത്. സൂര്യനെക്കാള്‍ പല മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങള്‍ തകര്‍ന്നടിഞ്ഞാണ് തമോഗര്‍ത്തങ്ങൾ രൂപമെടുക്കുന്നത്. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി രേഖയായ ഈവന്‍റ് ഹൊറൈസണിന് അപ്പുറം കടക്കുന്ന പ്രകാശത്തിന് പോലും രക്ഷയില്ലെന്നായിരുന്നു ശാസ്ത്രത്തിന്റെ അന്ന് വരെയുള്ള വിശ്വാസം. പക്ഷെ ഈവന്‍റ് ഹൊറൈസണിൽ നിന്നും പ്രത്യേക വികിരണങ്ങള്‍ പുറത്തുവരാമെന്നായിരുന്നു  ഹോക്കിങിന്‍റെ കണ്ടെത്തല്‍.

ഇന്ന് ഹോക്കിംഗ് വികിരണങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാല്‍ സ്വന്തം സിദ്ധാന്തങ്ങള്‍ തന്നെ തിരുത്തുന്ന ഹോക്കിങ്സിനെയും ലോകം കണ്ടിട്ടുണ്ട്. 2014ൽ ഈവന്റ് ഹൊറൈസണെ തന്നെ അദ്ദേഹം ഇടിച്ചു നിരത്തി. ഇവന്‍റ് ഹൊറൈസണ്‍ ഇല്ലെന്നും ക്വാണ്ടം മാറ്റങ്ങൾക്കനുസരിച്ച് വ്യതിചലിക്കുന്ന ഒരു പ്രത്യക്ഷ ചക്രവാളമാണുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈവന്‍റ് ഹൊറൈസണ്‍ ഇടിച്ചു നിരത്തിയതുപോലുള്ള ഞെട്ടിക്കലുമായി ഇടയ്ക്കിടെ ഹോക്കിങ് പ്രത്യക്ഷപ്പെട്ടു. ഭൂമിയിൽ മനുഷ്യന് ഇനി അധികാനാളില്ലെന്ന് വരെ ഹോക്കിങ് ഇടയ്ക്ക് പ്രഖ്യാപിച്ചു.

അതിവേഗം വികസിക്കുന്ന കൃത്രിമബുദ്ധി മനുഷ്യ വംശത്തെ ഇല്ലാതാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അഭിപ്രായങ്ങളിലൂടെ ജനങ്ങളെ എന്നും ശാസ്ത്രത്തോട് അടുപ്പിച്ച് നിർത്തിയ ആളുകൂടിയായിരുന്നു ഹോക്കിംഗ്. സമയരഹസ്യങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം'ഭൗതിക ശാസ്ത്രരംഗത്തെ ഏറ്റവും പ്രശസ്തമായ പുസ്തമാണ്. 'ദ യൂണിവേഴ്സ് ഇന്‍ എ നട്ട് ഷെല്‍', 'ദ ഗ്രാന്‍റ് ഡിസൈന്‍', ഓണ്‍ ദ ഷോള്‍ഡേഴ്സ് ഓഫ് ഗൈന്‍റസ് ' തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.ജോര്‍ജ്സ് സീക്രട്ട് കീ റ്റു ദ യൂണിവേഴ്സ്  പോലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ എഴുതാനും ആ മഹാശാസ്ത്രജ്ഞൻ സമയം കണ്ടെത്തി.

2014ൽ പുറത്തിറങ്ങിയ“ദ തിയറി ഓഫ് എവരിതിംഗ്”  എന്ന സിനിമ  ആ മഹാപ്രതിഭയുടെ ജീവിതം ലോകത്തിന് മുന്നിൽ വരച്ചിട്ടു. ഹോക്കിങ്സിന്റെ സിദ്ധാന്തങ്ങള്‍ കാലപ്രവാഹത്തിൽ എതിര്‍ക്കപ്പെട്ടേക്കാം മാറ്റിമറിക്കപ്പെട്ടെന്നും വരാം. പക്ഷെ  ആരും തകര്‍ന്നുപോയേക്കുമായിരുന്ന മഹാരോഗത്തെ തോല്‍പ്പിച്ച ആ നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ലോകം എന്നും തലകുനിച്ച് നിൽക്കും.

Latest Videos
Follow Us:
Download App:
  • android
  • ios