'സ്‌മാര്‍ട്ട്ഫോണുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍, കുട്ടിക്കാലം അത് കവരുന്നു'; മുന്നറിയിപ്പുമായി പ്രിന്‍സ് ഹാരി
കൗമാരക്കാരില്‍ മൊബൈൽ ഫോണുകളുടെ അമിത ഉപയോഗമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യവും വലിയ ചര്‍ച്ചയാവുന്നുണ്ട്
ലണ്ടന്‍: കുട്ടിക്കാലങ്ങളെ സ്മാർട്ട്ഫോണുകൾ കവരുന്നു എന്ന അഭിപ്രായവുമായി ഹാരി രാജകുമാരൻ. ഒരു അഭിമുഖത്തിലാണ് ഹാരിയുടെ വാക്കുകളെന്ന് ദി മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകളെ പരമാവധി സമയം ഓണ്‍ലൈനില്‍ നിലനിര്‍ത്തുന്ന രീതിയിലാണ് ആപ്പുകള്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്, കാരണമേതുമില്ലാതെ സ്കോള്‍ ചെയ്യുന്ന രീതിയിലേക്ക് ഫോണുകള്‍ വ്യക്തികളെ മാറ്റിക്കഴിഞ്ഞതായും അദേഹം കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ഫോണ്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ് എന്നും ഹാരി രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്മാർട്ട്ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ഹാരി രാജകുമാരന്‍റെ നിലപാട് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കൗമാരക്കാർക്കിടയില്‍ മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഒരു പരസ്യത്തിന്‍റെ ചുവടുപിടിച്ചാണ് ചർച്ചകൾ. പരസ്യം ഇതിനോടകം രക്ഷിതാക്കളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്പാനിഷ് സ്പോർട്സ് വെയർ നിർമ്മാണ ബ്രാൻഡ് ആയ സിറോകോയാണ് പരസ്യം പുറത്തിറക്കിയത്. പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
ചര്‍ച്ചയായി പരസ്യവും
'നിങ്ങളുടെ ജീവിതം എത്രത്തോളം സ്മാർട്ട്‌ഫോൺ കാർന്നുതിന്നുന്നു' എന്ന ചോദ്യമാണ് പരസ്യത്തിലൂടെ കമ്പനി ഉന്നയിക്കുന്നത്. ഒരു മിനിറ്റോളം ദൈർഘ്യം വരുന്ന വീഡിയോയിൽ സ്മാർട്ട്ഫോൺ കൗമാരക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
പിറന്നാൾ സമ്മാനമായി ഒരു പെൺകുട്ടിക്ക് ഫോൺ സമ്മാനിക്കുന്നതാണ് പരസ്യത്തിന്‍റെ തുടക്കം. തുടർന്ന് ഊണിലും ഉറക്കത്തിലും ഫോണിന് അടിമപ്പെട്ട് ജീവിക്കുന്ന ആ കുട്ടിയുടെ നിമിഷങ്ങളാണ് പരസ്യത്തിലുള്ളത്. സെൽഫികൾ, വീഡിയോകൾ, കൂട്ടുകാർ, യാത്ര, ഭക്ഷണം... എന്നിങ്ങനെ ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഫോൺ ഉപയോഗം അവളെ സാരമായി ബാധിക്കുന്നു. അതവളെ വൈകാതെ തന്നെ ക്ഷീണിതയും മാനസിക സമ്മർദ്ദത്തിനടിമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ പെൺകുട്ടിയുടെ കൈയിൽ നിന്ന് ഫോൺ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക പ്രതികരണവും ദൃശ്യങ്ങളിൽ കാണാം. തന്‍റെ കുട്ടിക്കാലം ഓർമ്മപ്പെടുത്തുന്ന പഴയകാല കളിക്കോപ്പുകളിലേക്ക് പെൺകുട്ടിയുടെ കണ്ണുകളെത്തിപ്പെടുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.
സ്പോർട്സ്‌വെയർ കമ്പനിയുടെ പരസ്യമാണെങ്കിലും രക്ഷിതാക്കൾ പരസ്യത്തിലുള്ള സന്ദേശത്തെ ഏറ്റെടുത്തിട്ടുണ്ട്. അതിശയിപ്പിക്കുന്ന പരസ്യമെന്നാണ് പലരുടെയും പ്രതികരണം. ഈ പരസ്യമെന്നെ കരയിച്ചുവെന്നും എനിക്ക് ആറ് വയസ് പ്രായമുള്ള കുട്ടിയുണ്ടെന്നും അവളുടെ ഭാവിയെ ഡിജിറ്റൽ ഡിവൈസുകൾ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ ഭയമുണ്ടെന്നും ഒരു രക്ഷിതാവ് പറയുന്നു. പരസ്യത്തിലെ ഉള്ളടക്കത്തെ അഭിനന്ദിച്ചു മാത്രമല്ല, മക്കളുടെ ഭാവിയിലുള്ള ആശങ്ക പങ്കുവെച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Read more: പറക്കുന്ന 10 സ്റ്റാര്‍ കൊട്ടാരം; ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ് സ്റ്റേഷന്‍റെ ഡിസൈന്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം