സൈബര്‍ട്രക്ക് സ്ഫോടനം ആസൂത്രണം ചെയ്തത് ചാറ്റ്ജിപിടി വഴി; ഞെട്ടിക്കുന്ന കണ്ടെത്തലുമായി പൊലീസ്
2025ലെ പുതുവത്സര ദിനത്തിലാണ് ലാഗ് വേഗാസിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന വാതിലിന് മുന്നില്‍ ടെസ്‌ലയുടെ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചത്
വാഷിംഗ്‌ടണ്‍: പുതുവത്സര ദിനത്തില്‍ അമേരിക്കയിലെ ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ സൈബര്‍ട്രക്ക് സ്ഫോടനത്തിലെ പ്രതി സ്ഫോടന പദ്ധതിയിടാന്‍ ചാറ്റ്‌ജിപിടി ഉപയോഗിച്ചതായി പൊലീസിന്‍റെ കണ്ടെത്തല്‍. പൊട്ടിത്തെറിച്ച സൈബര്‍ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ കൂടിയായ പ്രതി ഉഗ്ര സ്ഫോടനം നടത്താന്‍ ചാറ്റ്‌ജിപിടി ചാറ്റ്ബോട്ടിന്‍റെ സഹായം തേടിയിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
2025ലെ പുതുവത്സര ദിനത്തിലാണ് ലാഗ് വേഗാസിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന വാതിലിന് മുന്നില്‍ ടെസ്‌ലയുടെ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ സൈബര്‍ട്രക്ക് ഓടിച്ചിരുന്ന പ്രതി കൊല്ലപ്പെട്ടു. പുതുവര്‍ഷത്തില്‍ അമേരിക്കയെ വിറപ്പിച്ച സ്ഫോടനത്തെ കുറിച്ച് യുഎസ് ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. മാത്യൂ ലൈവൽസ്ബർഗര്‍ എന്ന പട്ടാളക്കാരനാണ് സൈബര്‍ട്രക്ക് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കഴിഞ്ഞയാഴ്‌ച സ്ഥിരീകരിച്ചിരുന്നു. 37 വയസുകാരനായ ഇയാള്‍ തനിച്ചാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് ഭാഷ്യം. സ്ഫോടനം ഭീകരാക്രമണം അല്ലെന്നും മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും എഫ്‌ബിഐ വിശദീകരിക്കുന്നു.
സ്ഫോടനത്തിന്‍റെ ആഘാതം വര്‍ധിപ്പിക്കാന്‍ ചാറ്റ്‌ജിപിടി വഴി മാത്യൂ ലൈവൽസ്ബർഗര്‍ മനസിലാക്കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനം നടത്താനായി ചാറ്റ്‌ജിപിടി ഉപയോഗിച്ച അമേരിക്കയിലെ ആദ്യ സംഭവമാണിതെന്ന് ലാസ് വേഗാസ് മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നു. ചാറ്റ്‌ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ് എന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സൈബര്‍ട്രക്ക് സ്ഫോടനം എന്ന് റോയിട്ടേഴ്‌സിന്‍റെ വാര്‍ത്തയില്‍ പറയുന്നു. എഐ ടൂളുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ലോകത്തിന് ഹാനികരമായ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന തരത്തിലാണ് ചാറ്റ്ജിപിടി നിര്‍മിച്ചിരിക്കുന്നത് എന്നുമാണ് ചാറ്റ്ജിപിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ പ്രതികരണം.
പുതുവത്സര ദിനത്തില്‍ അമേരിക്കന്‍ സമയം രാവിലെയായിരുന്നു ടെസ്‌ല സൈബര്‍ട്രക്ക് ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന വാതിലിന് മുന്നില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട മാത്യൂ ലൈവൽസ്ബർഗറിന്‍റെ ഫോണിൽ നിന്ന് കണ്ടെടുത്ത ആറ് പേജുള്ള കുറിപ്പിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പുതുവർഷ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓർലീൻസിൽ 15 പേരുടെ ജീവനെടുത്ത അപകടവുമായി ലാസ് വേഗാസ് പൊട്ടിത്തെറിക്ക് ബന്ധമില്ലെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
Read more: 'ആ വിഡ്ഢി തെരഞ്ഞെടുത്ത വാഹനം തെറ്റി'; സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ മസ്കിന്‍റെ പ്രതികരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം