മാംസം തിന്നുന്ന ചെറുബാക്ടീരിയകള്‍; ഭയക്കേണ്ട രോഗം
ലണ്ടന്‍: മുഖത്ത് എന്തോ കടിച്ച് കണ്ണുകള്‍ വീര്‍ത്ത ചുവന്ന നാലു വയസ്സുകാരന്‍ റെയ്‌സ് പ്രിച്ചാര്‍ഡിനെയും കൊണ്ട് 32കാരിയായ അമ്മ കെയ്ഷ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ആശുപത്രിയിലെത്തി കുറച്ച് സമയത്തിന് ശേഷം റെയ്‌സ് അമിതമായി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. കൂടാതെ കുട്ടിയുടെ കണ്ണുകള്‍ തടിച്ച് വീര്‍ക്കാനും തുടങ്ങി.
കൂടുതല്‍ പരിശോധനയില്‍ മാംസം തിന്നുന്ന ചെറുബാക്ടീരിയയുടെ ആക്രമണമാണ് കുട്ടിക്ക് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ത്വക്കില്‍ കടന്നു കൂടിയാല്‍ ജീവന് തന്നെ ഭീഷണിയാണ് ഈ ബാക്ടീരിയ. പരിശോധനയില്‍ കുട്ടിയുടെ രക്തത്തിനും ബാക്ടീരിയയുടെ അണുബാധ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരിക താപനില വര്‍ദ്ധിക്കുകയും വേദന കൊണ്ട് പുളയുകയുമായിരുന്നു കുട്ടി.
കണ്ണില്‍ നിന്ന് വെള്ളം വരുകയും, എന്നാല്‍ കണ്ണുകള്‍ തുറക്കാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടി. കുട്ടി വല്ലാതെ ഭയപ്പെടുകയും ചെയ്തിരുന്നു. കുട്ടിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും രക്ഷിക്കാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ചിലപ്പോള്‍ കുട്ടിക്ക് കാഴ്ച ഇല്ലാതെയാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി മോചിതനായി. എന്നാല്‍ കുട്ടിയുടെ കണ്ണിന്‍റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.