ഒരു വര്‍ഷം അണ്‍ലിമിറ്റഡ് 5ജി; 601 രൂപയുടെ വൗച്ചര്‍ അവതരിപ്പിച്ച് ജിയോ, പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം
ജിയോയുടെ 601 രൂപ റീച്ചാര്‍ജ് പാക്കേജിന്‍റെ വാലിഡിറ്റിയും ഗുണങ്ങളും സവിശേഷതകളും വിശദമായി അറിയാം
മുംബൈ: ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ. 601 രൂപ മുതല്‍മുടക്ക് വരുന്ന ഈ റീച്ചാര്‍ജ് ട്രൂ 5ജി ഗിഫ്റ്റ് വൗച്ചര്‍ (അപ്‌ഗ്രേഡ് വൗച്ചര്‍) എന്ന നിലയ്ക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍തന്നെ 601 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജ് തെരഞ്ഞെടുക്കും മുമ്പ് അതിന് അര്‍ഹമായ ബേസിക് പ്ലാന്‍ സിം കാര്‍ഡിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
601 രൂപയുടെ പുതിയ ട്രൂ 5ജി ഗിഫ്റ്റ് വൗച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പാക്കേജിന്‍റെ ആനുകൂല്യം ലഭിക്കുക. ദിവസം കുറഞ്ഞത് 1.5 ജിബി 4ജി ഡാറ്റ ലഭിക്കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ നിലവിലുള്ളവര്‍ക്ക് 601 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വഴി പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാം. 199, 239, 299 എന്നിങ്ങനെയുള്ള ജനപ്രിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 601 രൂപയുടെ വാര്‍ഷിക ഗിഫ്റ്റ് വൗച്ചര്‍ വഴി അധിക ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. എന്നാല്‍ ദിവസവും 1 ജിബി ഡാറ്റയോ 1,899 രൂപയുടെ വാര്‍ഷിക പ്ലാനോ പോലെയുള്ളവ നിലവിലുള്ളവര്‍ക്ക് 601 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
മൈജിയോ ആപ്പ് വഴി റിഡീം ചെയ്യാവുന്ന 12 അപ്‌ഗ്രേഡ് വൗച്ചറുകളാണ് 601 രൂപ പ്ലാനിലുള്ളത്. ബേസ് പ്ലാനിനൊപ്പം ഓരോ വൗച്ചറിനും 30 ദിവസമായിരിക്കും വാലിഡിറ്റി. ഈ പ്ലാന്‍ ആക്റ്റിവായാല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. അതേസമയം പ്രതിദിന 4ജി ഡാറ്റയുടെ പരിധി 3 ജിബിയായി ഉയരുകയും ചെയ്യും. 12 മാസത്തിനിടെ ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് ഏത് സമയത്തും വൗച്ചറുകള്‍ ആക്റ്റീവ് ചെയ്യാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം