കൈകളുള്ള അപൂർവയിനം മത്സ്യത്തെ കണ്ടെത്തി
ടാസ്മാനിയൻ തീരത്തുനിന്ന് അപൂർവയിനം മത്സ്യത്തെ കണ്ടെത്തി. റെഡ് ഹാൻഡ്ഫിഷ് എന്നു പേരു നല്കിയിരിക്കുന്ന ഈയിനം മത്സ്യങ്ങൾക്ക് പേരു സൂചിപ്പിക്കുന്നതുപോലെ അംസച്ചിറകുകളുടെ സ്ഥാനത്ത് ചുവപ്പു നിറത്തിലുള്ള കൈകൾക്കു സമാനമായ അവയവമാണുള്ളത്. ഇവ ഉപയോഗിച്ച് കരയിലൂടെ സഞ്ചരിക്കാനും ഈ ഇനം മത്സ്യങ്ങൾക്കു കഴിയും. ലോകത്തിൽത്തന്നെ അത്യപൂർവമായ ഈ ഇനത്തിൽപ്പെട്ട നാല്പതോളം മത്സ്യങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.
ടാസ്മാനിയ ഐമാസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ആൻഡ് അന്റാർക്ടിക് സ്റ്റഡീസ്) യൂണിവേഴ്സിറ്റിയിലെ ഡൈവിംഗ് ടീം ഡീപ് സീ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ഈ അപൂർവയിനം മത്സ്യത്തെ കണ്ടെത്തിയത്. രണ്ടു മുതൽ അഞ്ചു വരെ ഇഞ്ച് മാത്രം വലുപ്പമുള്ള ഇവയ്ക്ക് നീന്താനുള്ള കഴിവ് കുറവാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിൽ വളരെ ദൂരത്തേക്കു സഞ്ചരിക്കാൻ ഇവയ്ക്കു കഴിയില്ല. ഈ മത്സ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിദഗ്ധസംഘത്തെ അയയ്ക്കാനൊരുങ്ങുകയാണ് ഐമാസ് യൂണിവേഴ്സിറ്റി.