ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉപയോഗിക്കാന്‍ നികുതി നല്‍കണം.!
- സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട. ഇത് സംബന്ധിച്ച ബില്ല് ഉഗാണ്ടന്‍ പാര്‍ലമെന്റ് പാസാക്കി
കംപാല: സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട. ഇത് സംബന്ധിച്ച ബില്ല് ഉഗാണ്ടന്‍ പാര്‍ലമെന്റ് പാസാക്കി. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതേ സയമം ജനങ്ങളുടെ വിമര്‍ശനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പ്രസിഡന്റ് യൊവേരി മുസെവേനി സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് ഒരു ദിവസം 200 ഷില്ലിംഗ്സാണ് ഉപയോക്താവ് സർക്കാരിനു നികുതിയായി നൽകേണ്ടത്. ഒരു വർഷത്തെ ഇത് ഏകദേശം 19 ഡോളറിനടുത്ത് വരും ഈ നികുതി. ലോകബാങ്കിന്റെ 2016ലെ കണക്കനുസരിച്ച് ഉഗാണ്ടയിലെ ഒരാളുടെ മാസ ആളോഹരി വരുമാനം 615 ഡോളറാണ്, അപ്പോഴാണ് വര്‍ഷം 19 ഡോളര്‍ സോഷ്യല്‍ മീഡിയ നികുതി വന്നിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പുതുക്കിയ നികുതിനിരക്കുകൾ നിലവിൽ വരും. മൊബൈൽ സേവന ദാതാക്കളുമായി കൂടിച്ചേർന്നാണു സർക്കാർ നികുതി പിരിച്ചെടുക്കുന്നത്. ഉഗാണ്ട സർക്കാരിന്റെ പുതിയ നിയമം സംബന്ധിച്ച് ഇന്റര്‍നെറ്റ് സേവനദാതക്കളോ, സോഷ്യല്‍ മീഡിയ കമ്പനികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായാണ് ഒരു രാജ്യം സമൂഹമാധ്യമ ഉപയോഗത്തിന് നികുതി ഏർപ്പെടുത്തുന്നത്.