രാജ്യത്ത് ഇനിമുതല്‍ പണമിടപാടിന് പേപാല്‍ ഉപയോഗിക്കാം
ദില്ലി: ഡിജിറ്റല്‍ പണമിടപാട് ഭീമനായ പേപാല്‍ ഇന്ത്യയിലേക്ക്. പ്രമുഖ ഓണ്‍ലൈന്‍ സേവനങ്ങളില്‍ പേപാല്‍ വഴി ഷോപ്പിംഗും ഇടപാടുകളും നടത്താമെന്ന് കമ്പനി അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് പേപാല്‍ ഇന്ത്യ സിഇഒ രോഹന്‍ മഹാദേവന്‍ പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് രംഗത്തെ ശക്തരായ പേടിഎം, ആമസോണ്‍ പേ എന്നിവര്‍ക്കിടയിലേക്കാണ് പേപാലിന്‍റെ വരവ്.
ലോകത്ത് 218 മില്യണ്‍ ഉപഭോക്താക്കളുള്ള പേപാല്‍ വഴി പ്രാദേശികമായും വിദേശത്തും ഇടപാടുകള്‍ നടത്താം. പ്രമുഖ കമ്പനികളായ മേക്ക് മൈ ട്രിപ്പ്, ബുക്ക് മൈ ഷോ, പിവിആര്‍ സിനിമാസ്, യാത്ര തുടങ്ങിയ പേപാലുമായി കരാറിലെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പൊതു- സ്വകാര്യ ബാങ്കുകളുമായി ഇ-ടൂറിസ്‌റ്റ് വിസ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ കമ്പനി സഹകരിക്കും.