പാകിസ്ഥാനില്‍ ഫേസ്ബുക്ക് നിരോധിച്ചേക്കും

Pakistan may block Facebook by 2018

ഇസ്ലാമാബാദ്: മതപരമായ ചര്‍ച്ചകള്‍ ദൈവനിന്ദയിലേക്ക് വളരുന്നു എന്ന് ആരോപിച്ച് പാകിസ്ഥാനില്‍ ഫേസ്ബുക്ക് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ പാക് മാധ്യമങ്ങളാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമവിരുദ്ധമായ ചര്‍ച്ചകളാണ് ഫേസ്ബുക്കില്‍ നടക്കുന്നത് എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാറിന്‍റെ കണ്ടെത്തല്‍. 

ഇത് സംബന്ധിച്ച് അടുത്തിടെ നടന്ന കൂടികാഴ്ചയില്‍ ഫേസ്ബുക്കിന് പാകിസ്ഥാന്‍ മന്ത്രി ചൗദരി നിസാര്‍ അലിഖാന്‍ തക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പബ്ലിക്ക് പോളിസി വൈസ് പ്രസിഡന്‍റ് ജോല്‍ കപ്ലാനുമായാണ് പാക് മന്ത്രി കൂടികാഴ്ച നടത്തിയത്. മതനിന്ദയ്ക്ക് കാരണമാകുന്ന പോസ്റ്റുകളും, യൂസര്‍മാരെയും നീക്കം ചെയ്യണമെന്ന് കൂടികാഴ്ചയില്‍ പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേസ്ബുക്കിന് മാത്രമല്ല വാട്ട്സ്ആപ്പ്, വൈബര്‍ പോലുള്ള സന്ദേശ ആപ്ലികേഷനുകള്‍ക്കും പാകിസ്ഥാനില്‍ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്ഥാന്‍റെ ആവശ്യം ഫേസ്ബുക്ക് തള്ളിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് 2018 ആദ്യത്തോടെ ഫേസ്ബുക്കിന് പാകിസ്ഥാനില്‍ വിലക്ക് വന്നേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉയരുന്നത്.

കഴിഞ്ഞ മാസം 30 വയസുള്ള തൈമൂര്‍ റാസ്സ എന്ന യുവാവിനെ ഫേസ്ബുക്ക് വഴി മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ കൊലപ്പെടുത്തിയിരുന്നു. ഇത്തരം ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഫേസ്ബുക്കും ഉത്തരവാദിയാണ് എന്നാണ് പാക് സര്‍ക്കാറിന്‍റെ നിലപാട്. 

ഫേസ്ബുക്കില്‍ നിന്നും ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ പാകിസ്ഥാന്‍ ആവശ്യപ്പെടുന്നുണ്ട്. 2013ല്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനോട് ചോദിച്ചത് 210 പേരുടെ വിവരങ്ങളാണെങ്കില്‍ 2016 ല്‍ എത്തിയപ്പോള്‍ ഇത് 2,460 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios