വിപണി മൂല്യം കുത്തനെ ഇടിഞ്ഞ് ഫേസ്ബുക്ക്
- 8.23 ലക്ഷം കോടി രൂപയാണ് ജൂലായ് 25ന് ഫേസ്ബുക്ക് വിപണിമൂല്യത്തിലുണ്ടായ നഷ്ടം
- കമ്പനിമേധാവി മാർക്ക് സുക്കർബർഗിന് വന്ന നഷ്ടം 1.09 ലക്ഷം കോടി രൂപ ആണ്
ന്യൂയോർക്ക്: ഒരുദിവസംകൊണ്ട് ഓഹരിവിപണിയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്റെ റിക്കാർഡ് ഇനി ഫേസ്ബുക്കിന്. 8.23 ലക്ഷം കോടി രൂപയാണ് ജൂലായ് 25ന് ഫേസ്ബുക്ക് വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കമ്പനിമേധാവി മാർക്ക് സുക്കർബർഗിന് വന്ന നഷ്ടം 1.09 ലക്ഷം കോടി രൂപ ആണ്. ഫേസ്ബുക്കിന് ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണ് ഈ വാര്‍ത്ത.
ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കമ്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തിൽ ഓഹരിവില 24 ശതമാനം താണു. അതായത് 15,100 കോടി ഡോളർ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുമ്പോള്‍ വില 21 ശതമാനം താഴെയായിരുന്നു.
വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോൾ വിലത്തകർച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഇടിവ് 19 ശതമാനമായി. 2000 സെപ്റ്റംബറിൽ ഇന്റൽ കോർപറേഷനു 9,100 കോടി ഡോളറും 2008 ഒക്ടോബറിൽ എക്സോൺ മോബിലിന് 5,300 കോടി ഡോളറും 2013 ജനുവരി 24-ന് ആപ്പിളിന് 6,000 കോടി ഡോളറും വിപണിമൂല്യത്തിൽ ഇടിവു വന്നിട്ടുള്ളതാണു വലിയ മുൻ തകർച്ചകൾ. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമാണു വലിയ ഇടിവ്.