ഓപ്പണ്‍ എഐയുടെ കടുത്ത വിമര്‍ശകനായ മുന്‍ ജീവനക്കാരന്‍ സുചിര്‍ ബാലാജി മരിച്ച നിലയില്‍
ഓപ്പണ്‍ എഐയുടെ രീതികളെ പലതവണ വിമര്‍ശിച്ചിട്ടുണ്ട് കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ സുചിര്‍ ബാലാജി
സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ എഐയുടെ കടുത്ത വിമര്‍ശകനും കമ്പനിയിലെ മുന്‍ ജീവനക്കാരുമായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപാര്‍ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പണ്‍ എഐക്കെതിരെ സുചിര്‍ ബാലാജി മുമ്പ് പലതവണ വലിയ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. 26കാരനായ സുചിര്‍ ബാലാജിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പണ്‍ എഐയിലെ മുന്‍ ഗവേഷകനാണ് ഇന്ത്യന്‍ വംശജനായ സുചിര്‍ ബാലാജി. കമ്പനിയുടെ രീതികള്‍ക്കെതിരെ പരസ്യമായി സുചിര്‍ മുമ്പ് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഓപ്പണ്‍ എഐയില്‍ നാല് വര്‍ഷം ജോലി ചെയ്‌ത ശേഷം 2024 ഓഗസ്റ്റിലാണ് സുചിര്‍ ബാലാജി കമ്പനി വിട്ടത്. ചാറ്റ്‌ജിപിടി പോലുള്ള ജനറേറ്റീവ് എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ ഓപ്പണ്‍ എഐ ഉപയോഗിക്കുന്നത് അധാര്‍മികമാണ് എന്നുമായിരുന്നു അദേഹത്തിന്‍റെ നിലപാട്. ജനറേറ്റീവ് എഐയുടെ നീതിപരമായ ഉപയോഗത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിന്‍റെ അഭിമുഖത്തില്‍ സുചിര്‍ ബാലാജി ആഞ്ഞടിച്ചിരുന്നു. വളരെയധികം ഇന്‍റര്‍നെറ്റ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ജിപിടി-4നെ ഓപ്പണ്‍ എഐ പരിശീലിപ്പിക്കുന്നതെന്നും അത് അപകടകരമാണെന്നും സുചിര്‍ വെളിപ്പെടുത്തി.
ഓപ്പണ്‍ എഐയുടെ ശക്തനായ വിമര്‍ശകനായ സുചിര്‍ ബാലാജി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപാര്‍ട്‌മെന്‍റില്‍ നിന്ന് സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല എന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read more: രണ്ടും കല്‍പ്പിച്ച് ഓപ്പണ്‍ എഐ; രംഗത്തിറക്കുന്നത് ഡാല്‍-ഇ ടൂള്‍, നീക്കം ഡീപ്പ് ഫേക്കുകള്‍ തടയാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം