കാത്തിരുന്ന വാർത്തയെത്തി; ടാറ്റയുടെ ഉറപ്പ്, ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം വൈകില്ല, ലോഞ്ച് ഉടന്‍

ബിഎസ്എന്‍എല്‍ 4ജി വ്യാപനം വൈകുമെന്ന പ്രചാരണങ്ങള്‍ തള്ളി ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസ്, 38,000 ടവറുകള്‍ പൂർത്തിയാക്കി 

No delay on BSNL 4G delivery claims TCS

ബെംഗളൂരു: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി കൃത്യസമയത്ത് എത്തുമെന്ന് ടിസിഎസ്. ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസിന്‍റെ പ്രഖ്യാപനം. 4ജി വ്യാപനത്തിന്‍റെ അപ്ഡേറ്റ് ടിസിഎസ് പങ്കുവെച്ചു. 

'2023 ജൂലൈയിലാണ് കരാർ ലഭിച്ചത്. 24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂർത്തിയാക്കേണ്ടത്. അതിനാല്‍ തന്നെ അനുവദിച്ചിരിക്കുന്ന സമയത്ത് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 4ജി ബിഎസ്എന്‍എല്‍ ഉടന്‍ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിന്‍റെ ഭാഗമായി 4ജി നെറ്റ്‍വർക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെന്‍ററുകള്‍ ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ ഇതിനകം പൂർത്തിയാക്കി. ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്' എന്നും ടിസിഎസിന്‍റെ ഉപദേഷ്ടാവായ എന്‍ ഗണപതി സുബ്രമണ്യന്‍ വ്യക്തമാക്കി. 

Read more: മോസില്ലയത്ര സേഫല്ലാട്ടാ... മുന്നറിയിപ്പുമായി സെർട്ട്-ഇൻ

ടാറ്റ കണ്‍സള്‍ട്ടന്‍സ് സർവീസ് ഉള്‍പ്പെടുന്ന കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി നെറ്റ്‍വർക്ക് വ്യാപനം നടത്തുന്നത്. തേജസ് നെറ്റ്‍വർക്കും സി-ഡോട്ടും ഈ കണ്‍സോഷ്യത്തിന്‍റെ ഭാഗമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ നെറ്റ്‍വർക്ക് ഒരുക്കുന്നത്. 4ജി നെറ്റ്‌വര്‍ക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാല്‍ പലയിടങ്ങളിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ അടുത്തിടെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. 

സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ പുതുതായി എത്തിയിരുന്നു. ഇവരെ പിടിച്ചുനിർത്തണമെങ്കില്‍ 4ജി സേവനം രാജ്യവ്യാപകമായി ബിഎസ്എന്‍എല്ലിന് പൂർത്തിയാക്കേണ്ടതുണ്ട്. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം. 2025 മധ്യേയാവും ഈ ലക്ഷ്യത്തിലേക്ക് കമ്പനി എത്തുക. 4ജി സേവനങ്ങള്‍ക്കൊപ്പം 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണ് ബിഎസ്എന്‍എല്‍. 

Read more: കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് വാക്വം ക്ലീനർ; അമ്പരന്ന് ഉടമകൾ, സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios