സേഫ്കോപ്പി മൊബൈല്‍ പണമിടപാടുകള്‍ക്ക് വെല്ലുവിളി
ദില്ലി:മൊബൈൽ വാലറ്റുകൾ ഉപയോഗിക്കുന്നവർക്ക് വെല്ലുവിളിയായി പുതിയ മാല്‍വെയര്‍. സേഫ്കോപ്പി ട്രോജ (Xafecopy Trojan) എന്നാണ് സൈബര്‍ സുരക്ഷയെ വെല്ലുവിളിയിലാക്കുന്ന മാല്‍വെയറിന്റെ പേര്. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പെർസ്കിയാണ് പുതിയ ട്രോജനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അതിവിദഗ്ധമായി പണം തട്ടുന്ന മാൽവെയറാണ് സേഫ്കോപ്പി ട്രോജൻ.
ബാറ്ററി മാസ്റ്റർ തുടങ്ങിയ ആപ്പുകളിലൂടെയാണ് ട്രോജൻ ഫോണിലെത്തുന്നത്. ബാറ്ററി സേവ് ചെയ്യാനുള്ള ആപ്പുകൾ, മൊബൈൽ ഡേറ്റാ സേവ് ചെയ്യാനുള്ള ആപ്പുകൾ തുടങ്ങി പല രൂപത്തിലാണ് ട്രോജന്റെ വരവ്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ ട്രോജൻ വെബ്പേജുകളിൽ ഒരു ടാബ് തുറക്കുന്നു. ഇതിലൂടെ വാപ്പ് (WAP) അധിഷ്ഠിത സാന്പത്തിക ഇടപാടുകൾ ഉപയോക്താവ് അറിയാതെ നടത്തുകയാണ് സേഫ്കോപ്പി ട്രോജന്റെ പ്രവർത്തനരീതി.
അതിനാൽ ഫോണിൽ ഉപയോഗിക്കുന്ന നമ്പറിലെ ബാലൻസ് തീരുന്നതോ, അമിതമായ ഫോൺ ബില്ലോ ആണ് ട്രോജന്റെ പ്രവർത്തനഫലം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഫോണിൽ സേവ് ചെയ്തില്ലെങ്കിലും പണം നഷ്ടമാകുമെന്ന് സാരം. സാധാരണ ഇടപാടുകൾക്ക് ഉപയോക്താവിന് മെസേജുകൾ ലഭിക്കുമെങ്കിലും ഈ മാൽവെയർ ഫോണിലേക്ക് സന്ദേശങ്ങൾ വരുന്നത് തടയും.
ഉപയോക്താവിന്റെ പണം തട്ടിയത് മൊബൈൽ സേവന ദാതാക്കൾ പോലും അറിയില്ല. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിനു പേർ ഈ തട്ടിപ്പിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ.