ഇലോണ്‍ മസ്‌കിന്‍റെ ബ്രെയിൻ ടെക്നോളജി സ്റ്റാർട്ടപ്പായ ന്യൂറാലിങ്കിന്‍റെ ചിപ്പ് മൂന്നാമത്തെ രോഗിയിലും പരീക്ഷിച്ചു

ടെക്‌സസ്: ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോൺ മസ്‌ക്. മൂന്നാം തവണയും ന്യൂറാലിങ്ക് മനുഷ്യരിൽ ഘടിപ്പിച്ചിരിക്കുകയാണ്. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് മസ്‌ക് പറയുന്നു. ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ലാസ് വേഗസിൽ നടന്ന പരിപാടിയിലാണ് മസ്ക് ന്യൂറാലിങ്കിനെ കുറിച്ച് വിശദമായി പറഞ്ഞത്.

ഇലോണ്‍ മസ്‌കിന്‍റെ ബ്രെയിൻ ടെക്നോളജി സ്റ്റാർട്ടപ്പാണ് ന്യൂറാലിങ്ക്. മനുഷ്യരുടെ തലച്ചോറിൽ 'ടെലിപ്പതി' എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. രോഗികൾക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാനാവുമെന്നതാണ് ഉപകരണത്തിന്‍റെ പ്രത്യേകത. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകൾ തളർന്നു കിടക്കുന്നവരിലുമാണ് നിലവിൽ ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്. 

തളർവാതരോഗികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലളിതമായി ഉപയോഗിക്കുന്നതിനുള്ള കഴിവ് നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത ഉപകരണമാണ് ന്യൂറാലിങ്ക്. ഇലോണ്‍ മസ്‌കും ഒരു കൂട്ടം എൻജിനീയർമാരും ചേർന്ന് 2016ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ബ്രെയിൻ ചിപ്പ് ഇന്‍റര്‍ഫേസും ഇത് നിർമിക്കുന്നുണ്ട്. വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും കാഴ്ച പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുമെന്ന് പറയുന്നു.

ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറാലിങ്ക് കമ്പനി. ഇതിന്‍റെ ഫണ്ടിംഗ് മുഴുവൻ മസ്‌കിന്‍റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനുള്ളത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ. 2030ന് മുമ്പ് 22,000 പേരിൽ ന്യൂറാലിങ്ക് പരീക്ഷണം നടത്തുമെന്നാണ് മസ്‌കിന്‍റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസിന്‍റെ വിലയിരുത്തൽ.

Read more: ജന്മനാ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയൊരുക്കാന്‍ മസ്ക്; വലിയ പ്രഖ്യാപനം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം