ഇന്ത്യയില്‍ ഡബ്ല്യൂഡബ്ല്യൂഇ സ്ട്രീമിംഗ് ഇനി നെറ്റ്‌ഫ്ലിക്‌സില്‍? അടുത്തത് ക്രിക്കറ്റ്?
ഇന്ത്യയിലെ കായിക സ്ട്രീമിംഗ് രംഗത്ത് ഡിസ്‌നി ഹോട്‌സ്റ്റാര്‍, ജിയോസിനിമ എന്നിവയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ നെറ്റ്‌ഫ്ലിക്‌സിന്‍റെ നീക്കം, ആദ്യം സ്വന്തമാക്കുക ഡബ്ല്യൂഡബ്ല്യൂഇ സംപ്രേഷണ അവകാശം
ദില്ലി: ഇന്ത്യൻ കായിക വിനോദ രംഗത്തേക്ക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. റെസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് പരിപാടിയായ ഡബ്ല്യൂഡബ്ല്യൂഇയുടെ ഇന്ത്യയിലെ അവകാശങ്ങൾ സോണി പിക്ചേഴ്സ് നെറ്റ്‍വർക്‌സ് ഇന്ത്യയിൽ നിന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡബ്ല്യൂഡബ്ല്യൂഇ ഉടമകളായ ടികെഒ ഗ്രൂപ്പ് ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണിയിൽ നിന്ന് നെറ്റ്ഫ്ലിക്സിന് കൈമാറുമെന്ന് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പത്ത് വർഷത്തേക്കുള്ള 500 കോടി ഡോളറിന്‍റെ ആഗോള കരാറിന്‍റെ ഭാഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സ് ലൈവ് സ്പോർട്സ് പരിപാടികൾ പലതും സ്ട്രീമിങ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് പോലും മറ്റ് പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്തിരുന്നത്. എന്നാല്‍ പതിയെ ഇന്ത്യന്‍ കായിക സ്ട്രീമിംഗ് രംഗത്തും മാറ്റങ്ങള്‍ വരികയാണ്. ഇന്ത്യയില്‍ 2025-ൽ ഡബ്ല്യൂഡബ്ല്യൂഇ നെറ്റ്ഫ്ലിക്സിൽ ലോഞ്ച് ചെയ്യുമെന്ന് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
സോണി പിക്ചേഴ്‌സ് ഡബ്ല്യൂഡബ്ല്യൂഇ നെറ്റ്‌വർക്കുമായി 2020-ൽ ഒപ്പുവെച്ച 21 കോടി ഡോളറിന്‍റെ (ഏകദേശം 1787.61 കോടി രൂപ) അഞ്ച് വർഷ കരാർ അവസാനിക്കുന്ന 2025 മാർച്ചിന് ശേഷമായിരിക്കും നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ ഡബ്ല്യൂഡബ്ല്യൂഇ സംപ്രേക്ഷണം ആരംഭിക്കുക. ഡബ്ല്യൂഡബ്ല്യൂഇയുടെ ടിവി അവകാശങ്ങൾ നിലനിർത്താനായി സോണി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 2025 ജനുവരി മുതൽ യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്ക എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ഡബ്ല്യൂഡബ്ല്യൂഇയുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സ് പ്രത്യേകമായി സ്ട്രീം ചെയ്യും. 2025 ഏപ്രിലോടെ ഇന്ത്യയിലേക്കും ഇത് വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം