ഒടുവില്‍ മുട്ടുമടക്കി ചൈനീസ് ഭീമന്‍, നന്നാവാമെന്ന് സമ്മതിച്ചു; ടിക്‌ടോക്കിന്‍റെ വിലക്ക് നേപ്പാള്‍ നീക്കി

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനുള്ള നിരോധനം നേപ്പാള്‍ നീക്കി

Nepal lifts TikTok ban

കാഠ്‌മണ്ഡു: ആപ്ലിക്കേഷന്‍റെ ദുരുപയോഗം വര്‍ധിക്കുന്നതായി ചൂണ്ടിക്കാണിച്ച് ടിക്‌ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നേപ്പാള്‍ നീക്കി. നേപ്പാളിലെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ടിക്‌ടോക് ഉറപ്പുനല്‍കിയതോടെയാണ് വിലക്ക് നീങ്ങിയത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനുള്ള നിരോധനം നേപ്പാള്‍ നീക്കി. 9 മാസത്തെ വിലക്കിന് ശേഷമാണ് തീരുമാനം. വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോക്കിനെ രാജ്യത്തിന്‍റെ സാഹോദര്യവും അന്തസും തകര്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു നേപ്പാള്‍ 2023 നവംബറില്‍ വിലക്കിയത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു ഈ നിരോധനം. ഇപ്പോള്‍ പുതിയ മന്ത്രിസഭയുടെ കാബിനറ്റ് യോഗമാണ് വിലക്ക് നീക്കിയത്. ടിക്‌ടോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളിലെ നിയമ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ടിക്ടോക് ഉറപ്പുനല്‍കി. വീഡിയോ കണ്ടന്‍റില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും നേപ്പാള്‍ സര്‍ക്കാരിന് ടിക്ടോക് വാക്കുനല്‍കിയതോടെയാണ് വിലക്ക് നീങ്ങിയത്.

നേപ്പാളിലെ വിലക്ക് നീങ്ങിയതില്‍ ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് സംതൃപ്തരാണ് എന്നും റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ധാരണ പ്രകാരം അനുചിതമായി തോന്നുന്ന വീഡിയോ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടും. ടിക്‌ടോക് വീഡിയോ ഉള്ളടക്കം നേപ്പാള്‍ പൊലീസിന്‍റെ സൈബര്‍ വിഭാഗം നിരീക്ഷിക്കും.

ടിക്‌ടോക്കിന്‍റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ഏറെ ആശങ്കകള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ചില കണ്ടന്‍റുകള്‍ ആളുകളുടെ മരണത്തിന് വരെ പ്രേരകമായതായി അവിടെ പരാതിയുയര്‍ന്നിരുന്നു. നാല് വര്‍ഷത്തിനിടെ ടിക്ടോക്കുമായി ബന്ധപ്പെട്ട് 1,600ലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതാണ് കഴിഞ്ഞ നവംബറില്‍ ടിക്‌ടോക്കിനെ പൂട്ടാന്‍ നേപ്പാളിനെ പ്രേരിപ്പിച്ചത്. ടിക്‌ടോക്കിനെ നേപ്പാളില്‍ നിരോധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 22 ലക്ഷം യൂസര്‍മാര്‍ ടിക്ടോക്കിന് നേപ്പാളിലുണ്ടിയിരുന്നതായാണ് കണക്ക്. 

Read more: ബഹിരാകാശത്ത് പത നുരഞ്ഞുപൊങ്ങിയാല്‍ എന്ത് സംഭവിക്കും; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios