എട്ട് ലക്ഷം രൂപ മുടക്കി യൂട്യൂബ് ചാനല്‍ തുടങ്ങി, വരുമാനം പൂജ്യം; ഒടുവില്‍ വീഡിയോ എല്ലാം ഡിലീറ്റ് ചെയ്ത് യുവതി
മൂന്ന് വര്‍ഷം മുമ്പാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്, 250 വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തിട്ടും വരുമാനമൊന്നും ലഭിച്ചില്ല എന്ന് യുവതി പറയുന്നു
മുംബൈ: യൂട്യൂബ് ചാനലുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുണ്ടാക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ എട്ട് ലക്ഷം രൂപ മുതല്‍മുടക്കുകയും ഒരു രൂപ പോലും വരുമാനം ലഭിക്കാതിരിക്കുകയും ചെയ്തതോടെ യൂട്യൂബ് ചാനല്‍ പൂട്ടിക്കെട്ടിയിരിക്കുകയാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് നളിനി ഉനാഗര്‍ എന്ന യൂട്യൂബറെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു.
'നളിനീസ് കിച്ചണ്‍ റെസിപ്പീ' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയായിരുന്നു നളിനി ഉനാഗര്‍. മൂന്ന് വര്‍ഷം മുമ്പാണ് അവര്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഈ കാലയളവിനിടെ അടുക്കള സംവിധാനങ്ങളും ക്യാമറയും ലൈറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് നളിനിക്ക് 8 ലക്ഷത്തോളം രൂപ ചിലവായി. എന്നാല്‍ ഒരു രൂപ പോലും വരുമാനമായി യൂട്യൂബില്‍ നിന്ന് ലഭിച്ചില്ലെന്നും ഇതോടെ താന്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുകയാണ് എന്നുമുള്ള നളിനിയുടെ എക്‌സ് (പഴയ ട്വിറ്റര്‍) പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായി. 'ഞാന്‍ ഏകദേശം എട്ട് ലക്ഷത്തോളം രൂപ എന്‍റെ യൂട്യൂബ് ചാനലിന്‍റെ കിച്ചണ്‍, സ്റ്റുഡിയോ സംവിധാനങ്ങള്‍, പ്രൊമോഷന്‍ എന്നിവയ്ക്കായി ചിലവഴിച്ചു, എന്നാല്‍ വരുമാനമോ? 0 രൂപ' എന്നും ട്വീറ്റില്‍ നളിനി വിശദീകരിച്ചു.
'മൂന്ന് വര്‍ഷം 250ലേറെ വീഡിയോകള്‍ ഞാന്‍ നിര്‍മിച്ചു. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം എനിക്ക് ലഭിച്ചില്ല. അതിനാല്‍ വീഡിയോകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുകയാണ്. യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോകളും നീക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വിജയിക്കണമെങ്കില്‍ അല്‍പം ഭാഗ്യം കൂടി വേണം. പ്രധാന വരുമാനമായി യൂട്യൂബിനെ ഒരിക്കലും കാണാനാവില്ല' എന്നും നളിനി ഉനാഗര്‍ കൂട്ടിച്ചേര്‍ത്തതായി ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു.
നളിനി ഉനാഗറിന്‍റെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. പലര്‍ക്കും നളിനിയോട് അനുകമ്പ തോന്നിയപ്പോള്‍ ചിലര്‍ അവരെ ഉപദേശിക്കാനും പ്രചോദിപ്പിക്കാനും ശ്രമിച്ചു. എന്തിന് വീഡിയോകളൊക്കെ ഡിലീറ്റ് ചെയ്തു, എന്നെങ്കിലുമൊരിക്കല്‍ അവ വൈറലാവുമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്‍റ്.
Read more: ഈ പണി ഗൂഗിളിനിട്ടാണ്; ചാറ്റ്ജിപിടി സെര്‍ച്ച് എല്ലാവര്‍ക്കും സൗജന്യമാക്കി ഓപ്പണ്‍എഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം