'ബ്ലൂവെയിൽ' ഇര ഇന്ത്യയിലും: 14കാരൻ ജീവനൊടുക്കി

Mumbai teen kills self could be first Indian case of Blue Whale suicide challenge

മുംബൈ: ബ്ലൂവെയിൽ എന്ന ഓൺലൈൻ കൊലയാളി ഗെയിം കളിച്ച് മുംബൈയിൽ 14കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. ശരീരത്തിൽ മുറിവേൽപിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്ത് തുടങ്ങുന്ന ഗെയിമിന്റെ അൻപതാം ഘട്ടം കെട്ടിടത്തിനുമുകളിൽനിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. കൗമാരക്കാരെ മനശാസ്ത്രപരമായി അടിമകളാക്കുന്ന ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേർ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്.

മുംബൈ അന്ധേരിയിൽ താമസിക്കുന്ന പതിനാലുകാരൻ കഴിഞ്ഞ ദിവസം ഏഴുനിലക്കെട്ടിടത്തിന്‍റെ ടെറസിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. ബ്ലൂവെയിൽ എന്ന ഒൺലൈൻ കൊലയാളി ഗെയിം കളിച്ചാണ് ഈ ആത്മഹത്യയെന്ന ഞെട്ടിക്കുന്ന വിവരമാണ് മുംബൈ പൊലീസ് വൃത്തങ്ങളിൽനിന്നും മനസിലാക്കാനായത്. പൊലീസ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈമാനികനാകണം എന്നായിരുന്നു ഈ ഒൻപതാം ക്സാസുകാരന്‍റെ സ്വപ്നം. റഷ്യൽപോയി പരിശീലനം നേടണമെന്നും മാതാപിതാക്കളോട് ഇവൻ പറയാറുണ്ടത്രേ. 

റഷ്യയിലാണ് ഈ ഗെയിം കളിച്ച് ഏറ്റവും കൂടുതൽപേർമരിച്ചത് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം. റഷ്യയിൽ മാത്രം ഇതുവരെ 130 കൗമാരക്കാരാണ് ബ്ലൂവെയിൽ അഥവാ നീലത്തിമീംഗലം എന്നുപേരുള്ള ഈ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തത്. ബ്രട്ടനടക്കമുള്ള രാജ്യങ്ങളിൽ പ്രചരിച്ച ഈ ഗെയിംകളിച്ച് 200പേർ ഇതുവരെ ആത്മഹത്യ ചെയ്തു. ഇന്ത്യയിലെ ആദ്യ ബ്ലൂവെയിൽ ആത്മഹത്യയാണ് അന്ധേരിയിലേത് എന്നാണ് പുറത്തുവരുന്ന വിവരം. 

കളിച്ചു തുടങ്ങുന്ന കൗമാരക്കാരെ അവസാനം ആത്മഹത്യയിലേക്കെത്തിക്കുന്ന അപകടകാരിയായ ഒരു സൈക്കോളജിക്കല്‍ ഗെയിമാണ് ബ്ലൂവെയിൽ. പ്ലേസ്‌റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ഈ ഗെയിം ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം പരിജയപ്പെടുത്തുന്നത്. തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഗെയിം  പിന്നീട് അതിന്റെ അപകടമുഖം പുറത്തു കാണിക്കുന്നു. അമ്പത് ഘട്ടങ്ങളാണ് ഗെയിമിലുള്ളത്. 

ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും, തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യണം. ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കും. അപ്പോഴേക്കും അഡ്മിന്‍റെ നിർദേശം അനുസരിക്കുന്ന മാനസീകവസ്ഥയിലായിട്ടുണ്ടാകും ഇത് കളിക്കുന്നവർ. 

21 വയസുള്ള റഷ്യന്‍ യുവാവ്  ഫിലിപ്പ് ബുഡീക്കിന്‍ ആണ് ഗെയിം രൂപകല്‍പന ചെയ്തതെന്നാണ് കണ്ടെത്തല്‍. 2014ല്‍ ആണ് ഈ ഗെയിമിന് തുടക്കം കുറിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ അപകടകാരിയായ ഗെയിമിന് പലരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു പല പേരുകളിലും ഇത് വ്യാപകമാണ്.  ഇന്റര്‍നെറ്റില്‍ ഇതിനെ പൂര്‍ണമായും ചെറുക്കാന്‍ സാധ്യമല്ലെന്നതാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യൻ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ തോതെന്നിരിക്കെ നമ്മൾ സൂക്ഷിക്കണം. 


 

Latest Videos
Follow Us:
Download App:
  • android
  • ios