കൊവിഡ് രോഗികള്‍ക്ക് പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ മിത്ര റോബോട്ട് !

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് ഇന്‍വെന്റോ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത റോബോട്ടിന് ആശുപത്രിയുടെ ചെലവ് പത്തുലക്ഷം രൂപയാണെന്ന് കമ്പനിയുടെ ഡയറക്ടര്‍ യതാര്‍ത്ത് ത്യാഗി പറഞ്ഞു. 

mitra the robot helps covid patients in india speak to loved ones

കൊറോണ വൈറസ് രോഗികള്‍ക്ക് അവരുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാൻ റോബോട്ട് എത്തി. മിത്ര എന്നാണ് ഇതിന്റെ പേര്. ദില്ലിയിലെ ഒരു സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയിലാണ് ഇത്തരമൊരു ഉപഭോക്തൃ-സേവന റോബോട്ട് വിന്യസിച്ചിരിക്കുന്നത്. ഹിന്ദിയില്‍ 'സുഹൃത്ത്' എന്നര്‍ഥമുള്ള മിത്ര, 2017 ലെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിച്ചതിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്.

മുമ്പ് ഇടപഴകിയ ആളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന്റെ കണ്ണുകള്‍ സജ്ജീകരിച്ചിരിക്കുന്നു. മിത്രയുടെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ടാബ്ലെറ്റ് രോഗികളെ പ്രിയപ്പെട്ടവരെയും വാര്‍ഡുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത മെഡിക്കല്‍ സ്റ്റാഫുകളെയും കാണാന്‍ അനുവദിക്കുന്നു.

''കൊവിഡ് രോഗം മൂലം വലയുന്നവര്‍ക്ക് സുഖം പ്രാപിക്കാന്‍ വളരെയധികം സമയമെടുക്കുന്നു, ഈ സമയത്ത്, രോഗികള്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല, മിത്ര അത്തരമാളുകളുമായി ഇടപഴകാന്‍ സഹായിക്കും'' നോയിഡ എക്സ്റ്റന്‍ഷനിലെ യതാര്‍ത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഡോ. അരുണ്‍ ലഖന്‍പാല്‍ പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് ഇന്‍വെന്റോ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത റോബോട്ടിന് ആശുപത്രിയുടെ ചെലവ് പത്തുലക്ഷം രൂപയാണെന്ന് കമ്പനിയുടെ ഡയറക്ടര്‍ യതാര്‍ത്ത് ത്യാഗി പറഞ്ഞു. രോഗബാധിതരാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് സ്‌പെഷ്യലിസ്റ്റുകളുമായി വിദൂര കൂടിയാലോചനകള്‍ക്കും മിത്ര ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''സാധാരണയായി ഒരു മനഃശാസ്ത്രജ്ഞനോ ഡയറ്റീഷ്യനോ ഒരു കൊവിഡ് രോഗിയെ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്, ഇവിടെ റോബോട്ടിനെ ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമാണ്'' ത്യാഗി പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios