ഉറപ്പായി, ലോകം നേരിട്ടത് ഏറ്റവും വലിയ ഐടി പ്രതിസന്ധി തന്നെ; മൈക്രോസോഫ്റ്റിന്‍റെ കണക്കുകള്‍ സാക്ഷി
ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്‌നബാധിത അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായി
വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്സ്ട്രൈക്കിന്‍റെ പാളിപ്പോയ അപ്‌ഡേറ്റോടെ ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസ് സിസ്റ്റങ്ങള്‍ പണമുടക്കിയതോടെ സംഭവിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധിയെന്ന് ഉറപ്പായി. ആഗോളതലത്തില്‍ വ്യോമയാനരംഗവും ബാങ്കിംഗ് സംവിധാനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം ക്രൗഡ്സ്ട്രൈക്കിന്‍റെ ഒറ്റപ്പിഴവുകൊണ്ട് സ്തംഭിച്ചിരുന്നു.
ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്‌നബാധിത അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായി എന്നാണ് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നത്. ഈ കണക്ക് പുറത്തുവന്നതോടെ ലോകത്തിലെ എറ്റവും കൂടുതൽ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്നമാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ഉണ്ടായതെന്ന് ഉറപ്പായി. പക്ഷേ ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കമ്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളൂ എന്നാണ് കമ്പനി വിശദീകരണം. എന്നിട്ടുപോലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ക്രൗഡ്‌സ്ടൈക്കിനും മൈക്രോസോഫ്റ്റിനും ഇതുവരെയായിട്ടില്ല എന്നത് പ്രശ്‌നത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു.
അതേസമയം പ്രതിസന്ധി മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യാജ സഹായ വെബ്സൈറ്റുകളും സോഫ്റ്റ്‍വെയറുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ശതകോടികളുടെ നഷ്‌ടമുണ്ടാവുകയുമായിരുന്നു. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ പ്രശ്‌നം സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവ് മൂലമാണ് സംഭവിച്ചത്. ആയിരക്കണക്കിന് വിമാന സര്‍വീസുകളെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങളിലെ തകരാര്‍ കാരണം പ്രധാനമായും ബാധിച്ചത്.
Read more: ആഗോള ഐടി പ്രതിസന്ധി: സംഭവിച്ചത് മൂന്നാം ലോക മഹായുദ്ധമെന്ന് വാദം, ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പെരുകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം