നാളിതുവരെ ഇന്‍സ്റ്റയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ത്രഡ്‌സ് പ്ലാറ്റ്‌ഫോം സ്വതന്ത്രമാകുന്നതില്‍ വലിയ പടിയാണിത്

കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്‌സ് (Threads) ആപ്പ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഡയറക്ട് മെസേജിംഗ് (DM), ഹൈലൈറ്റര്‍ എന്നീ ഫീച്ചറുകളാണ് ത്രഡ്‌സിലേക്ക് മെറ്റ കൊണ്ടുവന്നത്. ത്രഡ്‌സ് പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമാകുന്നതിനും എക്‌സുമായുള്ള മത്സരം കടുപ്പിക്കുന്നതിനും വഴിയൊരുക്കുന്ന അപ്‌ഡേറ്റുകളാണിത്.

ത്രഡ്‌സില്‍ ഡയറക്ട് മെസേജിംഗ് എത്തി (Direct Messaging)

ഇന്‍സ്റ്റഗ്രാമിനൊപ്പം ലോഗിന്‍ ചെയ്യാനാവുന്ന സോഷ്യല്‍ മീഡിയ എന്ന നിലയില്‍ മെറ്റ രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച പ്ലാറ്റ്‌ഫോമായിരുന്നു ത്രഡ്‌സ്. ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് (പഴയ ട്വിറ്റര്‍) മത്സരം നല്‍കുക എന്ന ലക്ഷ്യമായിരുന്നു ത്രഡ്‌സ് അവതരിപ്പിക്കുമ്പോള്‍ മാര്‍ക് സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്. നാളിതുവരെ ഇന്‍സ്റ്റയോട് ചേര്‍ന്നുതന്നെ പ്രവര്‍ത്തിച്ചിരുന്ന ത്രഡ്‌സ് പ്ലാറ്റ്‌ഫോം സ്വതന്ത്രമാകുന്നതില്‍ വലിയ പടിയാണ് ഡിഎമ്മിന്‍റെ അവതരണം. ത്രഡ്‌സിലെ പുതിയ ഡയറക്ട് മെസേജിംഗ് ഫീച്ചര്‍ ത്രഡ്‌സിനുള്ളില്‍ വച്ചുതന്നെ ആളുകള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും വഴിയൊരുക്കും. പ്രൈവറ്റ്, വണ്‍-ഓണ്‍-വണ്‍ മെസേജിംഗ് സംവിധാനമാണ് ത്രഡ്‌സിലേക്ക് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ത്രഡ്‌സ് മെറ്റ ലോഞ്ച് ചെയ്യുമ്പോള്‍ ബില്‍ട്ട്-ഇന്‍ മെസേജിംഗ് ഫീച്ചറിന്‍റെ അഭാവം പ്രകടമായിരുന്നു. ഇതോടെ ആശയവിനിമയത്തിനായി ത്രഡ്‌സ് ഉപഭോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിനെ തന്നെ ആശ്രയിച്ചുവരികയായിരുന്നു. അതേസമയം, മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇന്‍-ബില്‍ട്ട് മെസേജിംഗ് സൗകര്യമുണ്ടായിരുന്നു.

ത്രഡ്‌സ് പ്ലാറ്റ്‌ഫോമില്‍ മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിഎം സൗകര്യത്തില്‍ രണ്ട് നിയന്ത്രണമുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ഡയറക്ട് മെസേജിംഗ് സൗകര്യം ഇപ്പോള്‍ ലഭ്യമുള്ളൂ. മാത്രമല്ല, ത്രഡ്‌സിലെ ഫോളോവേഴ്സ് തമ്മിലോ മ്യൂച്ചല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് തമ്മിലോ മാത്രമേ മെസേജുകള്‍ കൈമാറാനാകൂ. ത്രഡ്‌സില്‍ ഗ്രൂപ്പ് മെസേജിംഗ്, ഇന്‍ബോക്സ് ഫില്‍ട്ടേര്‍സ് തുടങ്ങിയ ഫീച്ചറുകള്‍ പിന്നാലെ മെറ്റ അവതരിപ്പിക്കും.

എന്താണ് ത്രഡ്‌സ് ഹൈലൈറ്റര്‍?

ഡിഎമ്മിന് പുറമെ മെറ്റ ത്രഡ്‌സില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു പുത്തന്‍ ഫീച്ചറാണ് ഹൈലൈറ്റര്‍. ത്രഡ്‌സില്‍ ട്രെന്‍ഡിംഗ് ആയ ടോപ്പിക്കുകള്‍ പ്രത്യേകം മാര്‍ക് ചെയ്ത് കാണിക്കുന്ന ഫീച്ചറാണിത്. ഇത് പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ വിസിബിളിറ്റി നല്‍കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്