'20 വര്‍ഷമായി മാന്യമായ സ്ഥാനക്കയറ്റമില്ല, ബിഎസ്എന്‍എല്ലില്‍ കൂട്ടരാജിയേറുന്നു'; രൂക്ഷ വിമര്‍ശനവുമായി സംഘടന
20 വര്‍ഷത്തിലേറെയായി ഒരൊറ്റ സ്ഥാനക്കയറ്റം, ബിഎസ്എന്‍എല്ലിലെ പുലിക്കുട്ടികള്‍ കൂട്ടരാജിവെക്കുന്നതായി കത്തില്‍ പറയുന്നു
ദില്ലി: 4ജി വ്യാപനം തുടരുകയാണെങ്കിലും ബിഎസ്എന്‍എല്‍ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി തൊഴിലാളി സംഘടനയുടെ മുന്നറിയിപ്പ്. ബിഎസ്എന്‍എല്ലില്‍ നിന്ന് യുവ എക്സിക്യുട്ടീവുകള്‍ കൂട്ടത്തോടെ രാജിവെക്കുന്നതാണ് പ്രതിസന്ധിയെന്ന് ഓള്‍ ഇന്ത്യ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍സ് ആന്‍ഡ് ടെലികോം ഓഫീസര്‍സ് അസോസിയേഷന്‍ (AIGETOA) ബിഎസ്എന്‍എല്ലിന് അയച്ച കത്തില്‍ പറയുന്നു. എക്സിക്യുട്ടീവുകളുടെ പലായനം ബിഎസ്എന്‍എല്‍ എച്ച്ആര്‍ പോളിസികളിലെ വീഴ്‌ച കാരണമാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ അംഗീകൃത സംഘടനയാണ് ഓള്‍ ഇന്ത്യ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍സ് ആന്‍ഡ് ടെലികോം ഓഫീസര്‍സ് അസോസിയേഷന്‍.
ഒരുവശത്ത് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍. രാജ്യത്തെ വലിയ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു വെല്ലുവിളി നിലനില്‍ക്കുന്നതായി തൊഴിലാളി സംഘടനയായ ഓള്‍ ഇന്ത്യ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍സ് ആന്‍ഡ് ടെലികോം ഓഫീസര്‍സ് അസോസിയേഷന്‍ പറയുന്നത്. സംഘടനയുടെ സെക്രട്ടറി രവി ശില്‍ വര്‍മ്മയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി ബിഎസ്എന്‍എല്‍ സിഎംഡി റോബര്‍ട്ട് ജെ രവിക്ക് കത്തയച്ചിരിക്കുന്നത്.
'ബിഎസ്എന്‍എല്ലിലെ സമീപകാല രാജികളില്‍ ഞങ്ങളുടെ വലിയ ആശങ്ക അറിയിക്കുകയാണ്. പ്രതിഭാശാലികളായ ഏറെ യുവ എക്‌സിക്യുട്ടീവുകള്‍ അടുത്തിടെ കമ്പനി വിട്ടു, അവര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചു. ബിഎസ്എന്‍എല്‍ വിട്ടവരും വിടാന്‍ പദ്ധതിയിടുന്നവരുമായവര്‍ കമ്പനിയുടെ അടിത്തറയായിരുന്നു' എന്നും കത്തില്‍ പറയുന്നു. അതേസമയം പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളിലുണ്ടായ കാലതാമസം ജോലിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായതായുള്ള വിമര്‍ശനവും കത്തിലുണ്ട്. സാങ്കേതികമായി യോഗ്യതയുള്ള, പരിശീലനം ലഭിച്ചിട്ടുള്ള, മികച്ച പ്രകടനം പുറത്തെടുക്കുന്ന എക്‌സിക്യുട്ടീവുകള്‍ക്ക് 20 വര്‍ഷത്തിലേറെ ദൈര്‍ഘ്യമുള്ള സേവനകാലയളവില്‍ ഒരൊറ്റ പ്രൊമേഷന്‍ മാത്രമാണ് ലഭിച്ചത് എന്നാണ് കുറ്റപ്പെടുത്തല്‍. പ്രശ്‌നങ്ങളെ മറികടക്കാനുള്ള നിര്‍ദേശങ്ങളും കത്തില്‍ തൊഴിലാളി സംഘടന അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം