യുപിഐ വഴി പറയുന്ന പണമടയ്ക്കണം, പുറത്തുപറഞ്ഞാല്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണി; തട്ടിപ്പ് പുറത്ത്- വീഡിയോ
ബാങ്ക് പ്രതിനിധി എന്നവകാശപ്പെട്ട് അപരിചിതമായ 15 അക്ക നമ്പറില്‍ നിന്ന് ഫോണ്‍കോള്‍ വന്നതിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം
ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. പണം നഷ്‌ടമായ ഏറെപ്പേരുണ്ടെങ്കിലും പലരും നാണക്കേട് കൊണ്ട് പുറത്തുപറയുന്നില്ല എന്നേയുള്ളൂ. യുപിഐ തട്ടിപ്പുകള്‍ പെരുകുന്നു എന്ന സൂചനയാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ ഒരാള്‍ പങ്കുവെച്ച വീഡിയോയിലുള്ളത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന രീതിയില്‍ വ്യത്യസ്ത തുകകളിലുള്ള പണം നഷ്ടമായി എന്ന് വെളിപ്പെടുത്തി നിരവധി പേര്‍ ഈ വീഡിയോയുടെ താഴെ കമന്‍റുകള്‍ ഇട്ടത് തട്ടിപ്പിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്.
അപരിചിതമായ ഒരു നമ്പറില്‍ നിന്ന് ഫോണ്‍കോള്‍ വന്നതിലായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ബാങ്ക് പ്രതിനിധിയാണ് എന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ വിളിച്ചത്. ബാങ്ക് അക്കൗണ്ടില്‍ അടിയന്തരമായി വെരിഫിക്കേഷന്‍ ആവശ്യമാണ് എന്ന് വ്യക്തമാക്കി ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ കോള്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. കോള്‍ ലഭിച്ചയാള്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ചപ്പോഴാവട്ടെ ഒരു യുപിഐ പെയ്‌മെന്‍റ് ചെയ്യണമെന്ന നിര്‍ദേശം വന്നു. 8,999 രൂപയായിരുന്നു ഇത്തരത്തില്‍ യുപിഐ വഴി കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ ലഭിച്ചയാള്‍ക്ക് ചില സംശയങ്ങള്‍ തോന്നി. എന്തിനാണ് 8,999 രൂപ നല്‍കേണ്ടത് എന്ന ചോദിച്ചപ്പോള്‍ വിശ്വസനീയമാം വിധമായിരുന്നു ഫോണ്‍ വിളിക്കാരന്‍റെ മറുപടി. അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും പോകില്ലെന്നും തുക നഷ്‌ടമായാല്‍ പൊലീസില്‍ പരാതി നല്‍കിക്കോളൂ എന്നുമായിരുന്നു ആത്മവിശ്വാസത്തോടെ വിളിച്ചയാളുടെ പ്രതികരണം.
അവിടംകൊണ്ടും അവസാനിച്ചില്ല. കോള്‍ വന്ന 15 അക്ക അസ്വാഭാവിക നമ്പറിനെ കുറിച്ച് ഫോണ്‍വിളി ലഭിച്ചയാള്‍ ആരാഞ്ഞു. എന്നാല്‍ ഈ ചോദ്യത്തിന് തിരിച്ച് വെല്ലുവിളി നടത്തുകയാണ് തട്ടിപ്പുകാരന്‍ ചെയ്‌തത്. ഞാന്‍ ഉപയോഗിക്കുന്നത് വ്യാജ നമ്പറാണെന്നും ഇത് പൊലീസിന് കണ്ടെത്താനാവില്ലെന്നും ഈ തട്ടിപ്പിനെ കുറിച്ച് പുറംലോകത്തെ അറിയിച്ചാല്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നുമായിരുന്നു തട്ടിപ്പുകാരന്‍റെ ഭീഷണി. ഫോണ്‍കോള്‍ ലഭിച്ചയാള്‍ ഈ സംഭവങ്ങളുടെ വീഡിയോയും സ്ക്രീന്‍ഷോട്ടുകളും എക്‌സില്‍ പങ്കുവെച്ചപ്പോള്‍ സമാന അനുഭവം വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. ഈ യുപിഐ തട്ടിപ്പ് വ്യാപകമാണ് എന്ന് ഇത് വ്യക്തമാക്കുന്നു.
Read more: നാല് മോഡലുകളുമായി ഗൂഗിള്‍ പിക്‌സല്‍ 9 സിരീസ് ഉടനെത്തും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം