ബലാത്സംഗ കേസില്‍ പെട്ട നിരപരാധി രക്ഷപ്പെട്ടത് ഫേസ്ബുക്ക് കാരണം
ലണ്ടന്‍: ബലാത്സംഗ കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് ഒടുവില്‍ രക്ഷയായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടിഷുകാരനായ ഡാനി കേയുടെ നിരപാരാധിത്വം കോടതി വിശ്വസിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സാഹചര്യ തെളിവുകളെ മുന്‍ നിര്‍ത്തി കോടതി 21 വര്‍ഷം തടവ് ഡാനി കേ വിധിക്കുകയായിരുന്നു. 2012ലാണ് ലൈംഗിക പീഡനക്കേസില്‍ ഡാനി കേയെ അറസ്റ്റു ചെയ്യുന്നത്.
ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെട്ട സമയത്തിന് ശേഷം ഡാനി കേ 'ക്ഷമിക്കണം' എന്ന് അയച്ച സന്ദേശമാണ് വിചാരണക്കിടെ നിര്‍ണ്ണായകമായത്. എന്നാല്‍ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇങ്ങനെ അയച്ചതെന്ന ഡാനി കേയുടെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ ഡാനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നിര്‍ണ്ണായകമായ ഫെയ്സ്ബുക്കിലെ സന്ദേശങ്ങള്‍ കണ്ടെടുത്തത് സഹോദരന്‍റെ ഭാര്യയായ സാറ മാഡിസനാണ്. ഫേസ്ബുക്കിലെ സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം കണ്ടെടുത്തതോടെ ഡാനിയുടെ വാദങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡാനി കേ നല്‍കിയ അപ്പീലില്‍ അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെവിടുകയായിരുന്നു.
ഇരുപത്തിനാലാം വയസില്‍ ചെയ്യാത്ത കുറ്റത്തിന് 21 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു?' എന്ന ഡാനി കേയുടെ ചോദ്യത്തിന് തന്നെയാണ് പ്രസക്തി.