'ആ വിഡ്ഢി തെരഞ്ഞെടുത്ത വാഹനം തെറ്റി'; സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ മസ്കിന്‍റെ പ്രതികരണം
ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന് മുമ്പിലാണ് ടെസ്‌ലയുടെ സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചത്, ഈ സംഭവം തീവ്രവാദി ആക്രമണമാണെന്നും ഇലോണ്‍ മസ്‌ക്
നെവാഡ: അമേരിക്കയിലെ ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന് മുമ്പില്‍ ടെസ്‌ലയുടെ സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവം തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. സൈബര്‍ട്രക്കിന്‍റെ ഡിസൈന്‍ സ്ഫോടനത്തിന്‍റെ ആഘാതം കുറച്ചെന്നും ഹോട്ടല്‍ ലോബിയുടെ ഗ്ലാസ് ഡോര്‍ പോലും തകര്‍ന്നില്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്‌ച രാവിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന കവാടത്തിലെ ഗ്ലാസ് ഡോറിന് മുന്നില്‍ നിര്‍ത്തിയിരുന്ന സൈബർട്രക്കില്‍ നിന്ന് പുകയുയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
'ഭീകരാക്രമണത്തിന് തെറ്റായ വാഹനമാണ് ആ വിഡ്ഢി തെരഞ്ഞെടുത്തത്. സൈബര്‍ ട്രക്ക് സ്ഫോടനത്തിന്‍റെ ആഘാതം കുറയ്ക്കുകയും തീ പടരുന്നത് തടയുകയും ചെയ്തു. ഹോട്ടല്‍ ലോബിയുടെ ഗ്ലാസ് ഡോര്‍ പോലും തകര്‍ന്നില്ല'- എന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. സാധാരണ കാറുകളേക്കാള്‍ പതിന്‍മടങ്ങ് സുരക്ഷയുണ്ട് എന്ന് മസ്‌ക് അവകാശപ്പെടുന്ന വാഹനമാണ് സൈബര്‍ട്രക്ക്.
അമേരിക്കന്‍ സമയം ചൊവ്വാഴ്‌ച രാവിലെയായിരുന്നു ടെസ്‌ല സൈബര്‍ട്രക്ക് ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന്‍റെ പ്രധാന വാതിലിന് മുന്നില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ലാസ് വെഗാസ് പൊലീസ് പറയുന്നത്. ട്രക്ക് ഓടിച്ചിരുന്നയാളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ ഹോട്ടലിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രക്കാണ് അഗ്നിഗോളമായത്. എന്നാല്‍ സ്ഫോടനത്തില്‍ സൈബര്‍ട്രക്കിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നാണ് വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്.
കൊളറാഡോയിൽ നിന്നാണ് സൈബർട്രക്ക് വാടകയ്ക്കെടുത്തിരുന്നത്. കാർ വാടകയ്ക്ക് എടുത്ത ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പുതുവർഷ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓർലീൻസിൽ 15 പേരുടെ ജീവനെടുത്ത അപകടവുമായി ലാസ് വേഗാസിലെ സംഭവത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ലാസ് വേഗാസ് പൊലീസ് വിശദമാക്കുന്നു.
Read more: ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം