4ജി വേഗതയില്‍ ജിയോയെ പിന്നിലാക്കി ഏയര്‍ടെല്‍
മുംബൈ: 4ജി വേഗതയില്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്‌നല്‍ പുറത്തുവിട്ട 3 ജി 4 ജി വേഗതാ പട്ടികയിലാണ് എയര്‍ടെല്‍ ഒന്നാമതെത്തിയത്. എന്നാല്‍ 4 ജി നെറ്റ്വര്‍ക്കുകളുടെ ലഭ്യതയുടെ കാര്യത്തില്‍ ജിയോ തന്നെയാണ് മുന്നില്‍. 2017 ജൂണ്‍ മുതല്‍ ആഗസ്റ്റ് 31 വരെ ഏഴ് ലക്ഷം മൊബൈല്‍ ഡിവൈസുകളില്‍ നിന്നും ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എയര്‍ടെലിന്‍റെ 4 ജി വേഗത 9.2 എംബിപിഎസും 3ജി വേഗത 3.6 എംബിപിഎസുമാണ്. ദില്ലി, മുംബൈ, കൊല്‍കത്ത, തമിഴ്‌നാട്, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ പ്രദേശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, നെറ്റ് വര്‍ക്കില്‍ വരുന്ന തിരക്കാണ് ജിയോയുടെ വേഗതയെ ബാധിക്കുന്നതെന്ന നിരീക്ഷണമുണ്ട്.
ജിയോ നല്‍കിയ സൗജന്യ ഡാറ്റാ ഓഫറുകള്‍ അവസാനിച്ചതോടെ വേഗതയില്‍ വര്‍ധനവുണ്ടായിട്ടുള്ളതായും ഓപ്പണ്‍ സിഗ്‌നല്‍ പറയുന്നു. രാജ്യത്തെ 4 ജി സേവന രംഗത്ത് എയര്‍ടെലും ജിയോയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ജിയോ പൂര്‍ണമായും 4 ജി സേവനങ്ങളാണ് നല്‍കുന്നതെങ്കിലും വേഗതയുടെ കാര്യത്തില്‍ ഇരു കമ്പനികളും മത്സരത്തിലാണ്.
ഐഡിയയും വൊഡാഫോണുമാണ് വേഗതയില്‍ രണ്ടാമതുള്ളത്. എന്നാല്‍, 4 ജി സേവനങ്ങളുടെ ആകെയുള്ള പരിശോധനയില്‍ ജിയോ തന്നെയാണ് മുന്‍പന്തിയില്‍. ട്രായിയുടെ കഴിഞ്ഞ പരിശോധനയില്‍ ജിയോ തന്നെയായിരുന്നു 4ജി വേഗതയില്‍ മുന്‍പിലുണ്ടായിരുന്നത്.