എന്തൊക്കെയാണ് സംഭവിക്കുന്നത്; ജിയോയും വിഐയും താഴേക്ക്, എയർടെൽ പിടിച്ചുനിന്നു, ബിഎസ്എൻഎല്ലിന് ചിരി 

കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 1.64 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് നഷ്‌ടമായി. 2024 ൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെല്ലിന് 55.2 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായിരിക്കുന്നത്.

Jio loses 1.64 crore subscribers and bsnl gain

മുംബൈ: നാല് മാസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.64 കോടി വരിക്കാരെ. ഒക്ടോബറിൽ മാത്രം 37.6 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികൾ ജൂലൈയിൽ നടപ്പാക്കിയ താരിഫ് വർധനയാണ് ജിയോക്ക് തിരിച്ചടിയായത്. സെപ്റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ  79.6 ലക്ഷം, 40.1 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. ജൂലൈയിൽ 7.6 ലക്ഷം ഉപയോക്താക്കളും ജിയോ ഉപേക്ഷിച്ചു. 

മൂന്ന് മാസത്തെ തകർച്ചയ്ക്ക് ശേഷം ഭാരതി എയർടെൽ തിരിച്ചുവന്ന സമയം കൂടിയാണിത്.  ഒക്ടോബറിൽ 19.2 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനി ചേർത്തത്. സ്വകാര്യ ടെലികോം കമ്പനികളുടെ നഷ്ടം സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിനാണ് നേട്ടമായത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യഥാക്രമം 29 ലക്ഷം, 25.3 ലക്ഷം, 8.4 ലക്ഷം ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിൽ ചേർന്നത്. ഒക്ടോബറിൽ 5.1 ലക്ഷം ഉപയോക്താക്കളോളം ബിഎസ്എൻഎല്ലിന്റെ ഉപയോക്താക്കളായി. 

ബിഎസ്എൻഎല്ലിന്റെ താരിഫുകൾ മാറ്റമില്ലാതെ തുടർന്നതാണ് കമ്പനിയ്ക്ക് സഹായമായത്. എൻട്രി ലെവൽ പ്ലാനുകൾ ഉപയോഗിക്കുന്ന നിരവധി വരിക്കാരാണ് ബി.എസ്.എൻ.എല്ലിലേക്ക് മാറിയിരിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഒരു ലക്ഷം ടവറുകളുമായി 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി പുറത്തിറക്കുകയാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം.

നിലവിൽ സാമ്പത്തികമായ ബുദ്ധിമുട്ടനുഭവിക്കുന്ന വോഡഫോൺ ഐഡിയയ്ക്ക് (വി.ഐ) ഒക്ടോബറിൽ മാത്രം 19.7 ലക്ഷം ഉപയോക്താക്കളെ നഷ്‌ടപ്പെട്ടു. കഴിഞ്ഞ നാല് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 1.64 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് നഷ്‌ടമായി. 2024 ൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെല്ലിന് 55.2 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios