ജിയോ തരംഗം ഇനി പോസ്റ്റ്‍പെയ്ഡിലും; പ്ലാനുകള്‍ പ്രഖ്യാപിച്ചു
മാസം 199 രൂപയുടെ ഓഫറില്‍ 25 ജി.ബി 4-ജി ഡേറ്റ ലഭിക്കും. പ്രത്യേക ആക്ടിവേഷനോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ഇല്ലാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്റര്‍നാഷണല്‍ കോളിങ് സൗകര്യവുമുണ്ടാകും.
മുംബൈ: 199 രൂപയ്ക്ക് കിടിലം ഓഫറുകളുമായി റിലയന്‍സ് ജിയോ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കളെ അപേക്ഷിച്ച് നല്ല ഓഫറുകള്‍ ഒരിക്കലും കിട്ടാത്ത പോസ്റ്റ്‍പെയ്ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇന്റര്‍നാഷണല്‍ റോമിങ് അടക്കമുള്ളവയാണ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 15 മുതല്‍ ജിയോ പോസ്റ്റ്‍പെയ്ഡ് കണക്ഷനുകള്‍ നല്‍കിത്തുടങ്ങും.
മാസം 199 രൂപയുടെ ഓഫറില്‍ 25 ജി.ബി 4-ജി ഡേറ്റ ലഭിക്കും. പ്രത്യേക ആക്ടിവേഷനോ സെക്യൂരിറ്റി ഡെപ്പോസിറ്റോ ഇല്ലാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇന്റര്‍നാഷണല്‍ കോളിങ് സൗകര്യവുമുണ്ടാകും. മറ്റ് കണക്ഷനുകളിലേതിനേക്കാള്‍ കുറഞ്ഞ താരിഫാണ് ഇന്റര്‍നാഷണല്‍ കോളുകള്‍ക്കും ജിയോ ഈടാക്കുന്നത്. അമേരിക്കയിലേക്കും കാനഡയിലേക്കും മിനിറ്റിന് 50 പൈസ നിരക്കില്‍ വിളിക്കാം. ബംഗ്ലാദേശ്, ചൈന, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലന്റ്, സിംഗപ്പൂര്‍, യു.കെ എന്നിവിടങ്ങളിലേക്ക് രണ്ട് രൂപയാണ് ചാര്‍ജ്ജ്. ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, തുടര്‍ക്കി എന്നിവിടങ്ങളിലേക്ക് മൂന്ന് രൂപ. ഓസ്ട്രേലിയ, ബഹറിന്‍, പാകിസ്ഥാന്‍, തായ്‍ലന്റ് എന്നീ രാജ്യങ്ങളിലേക്ക് നാല് രൂപ ഈടാക്കും. ജര്‍മ്മനി, അയര്‍ലന്റ്, ജപ്പാന്‍, കുവൈറ്റ്, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് അഞ്ച് രൂപയാണ്. ഇസ്രയേല്‍, നൈജീരിയ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, സ്പെയിന്‍, സ്വീഡന്‍, യു.എ.ഇ, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ ആറ് രൂപയുള്ളത്.
ഇന്റര്‍നാഷണല്‍ റോമിങ് രണ്ട് വിഭാഗങ്ങളായാണ്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളിലേക്ക് കോള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയ്ക്ക് രണ്ട് രൂപയും മറ്റ് രാജ്യങ്ങളിലേക്ക് 10 രൂപയുമാണ്.
ഇതിന് പുറമെ പ്രത്യക ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. 575 രൂപയുടെ പായ്ക്കില്‍ അണ്‍ലിമിറ്റഡ് കോളുകളും 250എം.ബി ഡേറ്റയും ലഭിക്കും. ഒരു ദിവസമാണ് ഇതിന്റെ കാലാവധി. ഇത് തന്നെ ഏഴ് ദിവസത്തേക്ക് 2198 രൂപയും ഒരു മാസത്തേക്ക് 5751 രൂപയുമാണ്. ഒരു മാസത്തെ പ്ലാനില്‍ 5 ജി.ബി ഡേറ്റയാണ് ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ റോമിങിന്റെ ഈ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭ്യമാവുന്ന രാജ്യങ്ങള്‍...
യു.എ.ഇ, യു.എസ്.എ, തായ്‍ലന്റ്, സിംഗപ്പൂര്‍, യു.കെ, ജര്‍മ്മനി, ശ്രീലങ്ക, മലേഷ്യ, ഇറ്റലി, സ്പെയിന്‍, നെതര്‍ലന്റ്സ്, തുടര്‍ക്കി, ന്യൂസിലന്റ്, ഫിലിപ്പൈന്‍സ്, ഹംഗറി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്, അയര്‍ലന്റ്