ട്രാക്ക് മാറ്റി ജപ്പാന്‍ റെയില്‍വേ; ട്രാക്കില്‍ പണിക്കിറങ്ങി അത്യുഗ്രന്‍ റോബോട്ട്
ട്രാക്കിന് മുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കിലാണ് റോബോട്ടിനെ ഘടിപ്പിച്ചിരിക്കുന്നത്
ടോക്കിയോ: റെയില്‍വേ ട്രാക്കില്‍ രാവിലെ ജോലിക്കിറങ്ങിയപ്പോള്‍ ഒരു റോബോട്ടിനെ കണ്ട ഞെട്ടലിലാണ് ജപ്പാനിലെ തൊഴിലാളികള്‍. മനുഷ്യന് പകരം പാളത്തിന് മുകളിലെ കാട് തെളിച്ചും, ട്രാക്കിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്തുമെല്ലാം ഈ റോബോട്ട് മനംമയക്കുകയും ചെയ്തു. റോബോട്ടുകളെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന ജപ്പാനില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത ഈ റെയില്‍വേ റോബോട്ടിനെ കുറിച്ചുള്ളതാണ്.
വെസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനിയാണ് ഹ്യൂമനോയ്‌ഡ‍് റോബോട്ടിനെ ട്രാക്കിലെ മെയിന്‍റനന്‍സിനായി നിയോഗിച്ചിരിക്കുന്നത്. ക്യാമറക്കണ്ണുകളുടെ അകമ്പടിയില്‍ വേല ചെയ്യുന്ന ഈ റോബോട്ട് ആള്‍ ചില്ലറക്കാരനല്ല. ഹ്യൂമനോയ്‌ഡ‍് റോബോട്ടിന്‍റെ യന്ത്രകൈകള്‍ അനായാസം ട്രാക്കിലെ വൈദ്യുതിലൈനിനെ തട്ടുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റും. ട്രാക്കിലെ ഇരുമ്പ് തൂണുകളിലെ പെയിന്‍റിംഗ്, കണക്ഷന്‍ നല്‍കല്‍ തുടങ്ങിയ പണികളും റോബോട്ട് അനായാസം ചെയ്യും. വെസ്റ്റ് ജപ്പാന്‍ റെയില്‍വേസ് ഈ മാസമാണ് സവിശേഷത റോബോട്ടിനെ പാളത്തിലെ പണികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
പാളത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കിലാണ് റോബോട്ടിനെ ഘടിപ്പിച്ചിരിക്കുന്നത്. ട്രക്കിന്‍റെ കോക്‌പിറ്റിലിരിക്കുന്ന ഓപ്പറേറ്റര്‍ക്ക് റോബോട്ടില്‍ നിന്നുള്ള ക്യാമറാദൃശ്യങ്ങള്‍ നോക്കി അതിനെ കൊണ്ട് പണിയെടുപ്പിക്കാം. 12 മീറ്റര്‍ ഉയരത്തില്‍ വരെ ഈ റോബോട്ടിന്‍റെ യന്ത്രകൈകള്‍ എത്തും. 40 കിലോ ഭാരം വരെ ഉയര്‍ത്താനുള്ള ശേഷി റെയില്‍വേ റോബോട്ടിനുണ്ട്. മരശിഖിരങ്ങള്‍ മുറിക്കുന്നതിലും റെയില്‍വേ ലൈനിലിലെ ലോഹഭാഗങ്ങള്‍ പെയിന്‍റ് ചെയ്യുന്നതിലും കേബിളുകള്‍ ഘടിപ്പിക്കുന്നതിലുമാണ് റോബോട്ട് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനൊപ്പം റെയില്‍വേ ട്രാക്കിലെ ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അപകടം സംഭവിക്കുന്നതും ഉയരത്തില്‍ നിന്ന് താഴെ വീണ് അപകടം സംഭവിക്കുന്നതും ഒഴിവാക്കാന്‍ റോബോട്ടിനെ ഉപയോഗിക്കുന്നതിലൂടെ വെസ്റ്റ് ജപ്പാന്‍ റെയില്‍വേ ലക്ഷ്യമിടുന്നു. റെയില്‍വേയില്‍ കൂടുതലായി എങ്ങനെ റോബോട്ടുകളെ ഉപയോഗിക്കാം എന്നുള്ള പഠനങ്ങളിലാണ് റോബോട്ടിന്‍റെ നിര്‍മാണ കമ്പനി.
Read more: ആന്‍ഡ്രോയ്‌ഡ് ഫോണുകളാണോ ഉപയോഗിക്കുന്നത്; ഇക്കാര്യം സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം