മാര്‍ക്ക് മൂന്ന് വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ
ചെന്നൈ: 640 ടണ്‍ ഭാരമാണ് മാര്‍ക്ക് മൂന്ന് ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം (ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്) വിക്ഷേപണത്തിനൊരുക്കി ഇന്ത്യ. ഇന്ത്യ സ്വന്തമായി നിര്‍മിച്ച അതിശീത (ക്രയോജനിക്) എന്‍ജിനാണ് മാര്‍ക്ക് മൂന്നിന്റെ ഏറ്റവും വലിയ പ്രത്യേകത. 12 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഐഎസ്ആർഒ മാക് 3 നിർമിച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ടയില്‍നിന്ന് ജൂൺ അഞ്ചിനാണ് പരീക്ഷണ വിക്ഷേപണം. വിക്ഷേപണത്തിനായി റോക്കറ്റ് ഒരുങ്ങിക്കഴിഞ്ഞു. സ്ട്രാപ്പ് ഓണ്‍ മോട്ടോറുകളും സുപ്രധാന ഘട്ടങ്ങളും സംയോജിപ്പിച്ചുകഴിഞ്ഞു. ജിസാറ്റ് 19 എന്ന ഉപഗ്രഹവും വഹിച്ചു കൊണ്ടാണ് മാക് 3യുടെ കന്നിയാത്ര. 3.2 ടൺ ഭാരമാണ് ജിസാറ്റ് 19നുള്ളത്. ക്രമണേ ഈ ശേഷി വര്‍ധിപ്പിക്കും. ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്. കെ എ, ക്യൂ ബാന്‍ഡ് ട്രാന്സ്പോണ്ടറുകളാകും ഇതിലുപയോഗിക്കുക.
2014ല്‍ 3.7 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. എന്നാൽ, ക്രയോജനിക് എന്‍ജിനായിരുന്നില്ല അന്ന് ഉപയോഗിച്ചിരുന്നത്. 43.43 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. വ്യാസം നാലു മീറ്റര്‍. ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷമാണ് ഇന്ത്യ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്. ഈ മാസമാണ് ആദ്യം വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
പിന്നീട്, കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വേണ്ടി ജൂണിലേക്കു മാറ്റുകയായിരുന്നു. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ റോക്കറ്റുകളാണ് ഇന്ത്യക്കു നിലവിലുള്ളത്. പുതിയ റോക്കറ്റ് എത്തുന്നതോടെ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ ഇന്ത്യക്കു സാധിക്കും.