മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യക്ക് 109-ാം സ്ഥാനം
ഫെബ്രുവരിയില്‍ 20.72 എം.ബി.പി.എസ് ആണ് രാജ്യത്തെ ശരാശരി ഫ്കിസഡ് ബ്രോഡ്ബാന്‍ഡ് വേഗത.
ദില്ലി: രാജ്യത്ത് ഇന്റര്‍നെറ്റ് വിപ്ലവം നടക്കുമ്പോഴും മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം നൂറിനും അപ്പുറത്ത് തുടരുന്നു. സ്പീഡ് ടെസ്റ്റിങ് സോഫ്റ്റ്‍വെയറായ ഓക്‍ലയുടെ കണക്കനുസരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ 109-ാം സ്ഥാനമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യക്കുള്ളത്. എന്നാല്‍ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ സ്പീഡില്‍ 67-ാം സ്ഥാനമുണ്ട്.
ഫെബ്രുവരിയില്‍ 20.72 എം.ബി.പി.എസ് ആണ് രാജ്യത്തെ ശരാശരി ഫ്കിസഡ് ബ്രോഡ്ബാന്‍ഡ് വേഗത. കഴിഞ്ഞ നവംബറില്‍ ഇത് 18.82 എം.ബി ആയിരുന്നു. പുരോഗതിയുണ്ടെങ്കിലും ആഗോള ശരാശരിയായ 42.71നേക്കാള്‍ വളരെ പിന്നിലാണ് ഇപ്പോഴും. ലോക റാങ്കില്‍ 67-ാം സ്ഥാനം. അയല്‍രാജ്യങ്ങളായ ശ്രീലങ്ക 82-ാമതും പാകിസ്ഥാന്‍ 92-ാമതും ബംഗ്ലാദേശ് 115 -ാമതുമാണ്. 118 ആണ് നേപ്പാളിന്റെ സ്ഥാനം.
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ 9.01 എം.ബി.പി.എസ് ആണ് ഇന്ത്യയിലെ ശരാശരി വേഗത. നവംബറില്‍ ഇത് 8.80എം.ബി.പി.എസ് ആയിരുന്നു. ആഗോള തലത്തിലെ ശരാശരി വേഗത 22.16 എം.ബി.പി.എസ് ആണ്. 109ആണ് ഇന്ത്യയുടെ റാങ്ക്. ചൈനയ്ക്ക് ഈ രംഗത്ത് 20-ാം സ്ഥാനമുണ്ട്. ശ്രീലങ്ക -76, ബംഗ്ലാദേശ് - 86, നേപ്പാള്‍ - 89, പാകിസ്ഥാന്‍ - 112 എന്നിങ്ങനെയാണ് മറ്റ് അയല്‍ രാജ്യങ്ങളുടെ സ്ഥാനം.