ആസിഡ് ആക്രമണ ഇരയ്ക്കായി ഫേസ്ബുക്ക് വഴി പിരിച്ചത് 16.5 ലക്ഷം രൂപ
മുംബൈ: അഞ്ച് വർഷം മുമ്പ് ഉറങ്ങികിടക്കുന്നതിനിടെ ഭർത്താവിൽ നിന്നുണ്ടായ അതിദാരുണമായ ആസിഡ് ആക്രമണത്തിൽ ജീവിതം തകർക്കപ്പെട്ടവളാണ് മുംബൈ നേറുൽ സ്വദേശിനിയായ മാബിയ മണ്ഡൽ. ഫേസ്ബുക്ക് വഴി സഹായത്തിൻ്റെ നൂറ് ഹസ്തങ്ങളാണ് വിവിധ കോണുകളിൽ നിന്ന് അവൾക്ക് നേരെ നീണ്ടത്. പ്രദേശത്തെ ആശുപത്രി അവരുടെ ചികിത്സ വരെ സൗജന്യമായി ചെയ്തുനൽകി. ഇപ്പോൾ അവരുടെയും മകളുടെയും ഭാവിക്ക് വേണ്ടി ഫേസ്ബുക്ക് വഴി രണ്ട് മണിക്കൂർ കൊണ്ട് പിരിച്ചത് 16.5 ലക്ഷം രൂപയാണ്.
വരുന്ന മാസങ്ങളിൽ ചെയ്യേണ്ട ശസ്ത്രക്രിയകൾക്കാണ് തുക മാബിയക്ക് നേരിട്ട് കൈമാറും. മുംബൈയിലെ ഹ്യൂമൻസ് ഒാഫ് ബോംബെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സ്ഥാപക കരിഷ്മ മേത്തയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം ആണ് ലക്ഷ്യം കണ്ടത്. അധിക തുക ആവശ്യമാണെങ്കിൽ ക്യാമ്പെയിൻ വീണ്ടും ആരംഭിക്കുമെന്ന് കരിഷ്മ പറയുന്നു. രണ്ട് മണികൂർ കൊണ്ടാണ് പണം സ്വരൂപിക്കപ്പെട്ടതെന്നും പ്രതികരണം അത്ഭുതാവഹമായിരുന്നുവെന്നും കരിഷ്മ പറയുന്നു.
2012 സെപ്റ്റംബർ 23ന് രാത്രിയിലാണ് മാബിയ മദ്യപാനിയായ ഭർത്താവിൽ നിന്ന് ആസിഡ് ആക്രമണം നേരിടേണ്ടിവന്നത്. 25 കാരിയായ മാബിയക്ക് ഇതിൽ കാഴ്ച ശക്തിവരെ നഷ്ടപ്പെട്ടു. ആക്രമണത്തിന് ശേഷം ഭർത്താവ് അപ്രത്യക്ഷനാവുകയും കേസിൽ പുരോഗതിയില്ലാതെ പോവുകയും ചെയ്തു. മാബിയക്ക് ഇനിയും ശസ്ത്രക്രിയകൾ ആവശ്യമായി വരുമെന്നാണ് സൗജന്യമായി ചികിത്സിച്ച ഡി.വൈ പാട്ടീൽ ആശുപ്രത്രി അധികൃതർ പറയുന്നത്.